ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച വയോജന പാർക്ക് വട്ടോളി ബസാറിനടുത്ത പെരുമ്പാപ്പാറ കുളത്തിനു സമീപം നിർമിക്കാൻ സംവിധാനമൊരുങ്ങുന്നു. കുളത്തിനു സമീപമുള്ള സ്ഥലത്താണ് പാർക്ക് നിർമിക്കുക. പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിനുസമീപം നിർമിക്കാൻ ഉദ്ദേശിച്ചിരുന്ന വയോജന പാർക്കാണ് വട്ടോളി ബസാറിനടുത്തേക്ക് മാറ്റുന്നത്. വട്ടോളി ബസാർ മൃഗാശുപത്രിക്ക് സമീപം റവന്യൂവകുപ്പിന്റെ കൈവശമുണ്ടായിരുന്ന 22.6 സെന്റ് സ്ഥലം ഉപയോഗപ്പെടുത്തി ഇതിനകം വിശാലമായ കുളം നിർമിച്ചിട്ടുണ്ട്.
കുളം നിർമിക്കുന്നതിനും മോടി പിടിപ്പിക്കുന്നതിനുമായി 60 ലക്ഷത്തോളംരൂപ ജില്ലാപഞ്ചായത്ത് അനുവദിച്ചിരുന്നു. കുളത്തിനു സമീപം പാർക്കിന് അനുയോജ്യമായ സ്ഥലമുണ്ട്. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ നിന്നും കുളത്തിനുസമീപംവരെ റോഡും നിർമിച്ചിട്ടുണ്ട്. ഇവയെല്ലാം ഉപയോഗപ്പെടുത്തിയാണ് പാർക്ക് നിർമിക്കാൻ സംവിധാനമൊരുങ്ങുന്നത്. ഇതിനുള്ള നിർദേശങ്ങൾ പഞ്ചായത്ത് അധികൃതർ ജില്ലാപഞ്ചായത്തിന് സമർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. കുളത്തിലെ വെള്ളം ഉപയോഗപ്പെടുത്തി പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനായി പഞ്ചായത്ത് അഞ്ചുലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്.

കുളത്തിനു സമീപമുള്ള വിശാലമായ സ്ഥലം ഉപയോഗപ്പെടുത്തി കുട്ടികൾക്കും വ യോജനങ്ങൾക്കുമായി പാർക്ക് നിർമിക്കണമെന്ന ആവശ്യം പ്രദേശവാസികളുടെ ഭാഗത്തുനിന്നും ഉയർന്നിരുന്നു. വയോജന പാർക്ക് ഉടൻ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ. ചതുപ്പ് നിലമായി കാടുമൂടിക്കിടന്നിരുന്ന സ്ഥലം വിശാലമായ കുളമായിമാറിയത് നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലംകൂടിയാണ്.

