KOYILANDY DIARY

The Perfect News Portal

കണ്ടൽക്കാടുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു

കൊയിലാണ്ടി: അണേല-കുറുവങ്ങാട് റോഡിൻ്റെ ഓരത്തായി ഇടതൂർന്ന് വളരുന്ന കണ്ടൽക്കാടുകളിലേക്ക് മാലിന്യം വലിച്ചെറിയുന്നത് പതിവാകുന്നു. ഈ ഭാഗത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കാനും മാലിന്യം തള്ളുന്നത് തടയാനും ഡി.വൈ.എഫ്.ഐ.യുടെ നേതൃത്വത്തിൽ പ്രദേശത്തെ യുവാക്കൾ രംഗത്തെത്തിയിരുന്നു. ഇവരുടെ ശ്രമങ്ങളെല്ലാം അവഗണിച്ചാണ് ആളുകൾ വീണ്ടും മാലിന്യവുമായി എത്തുന്നത്.

അണേലപ്പുഴയോരത്തും അണേല-കുറുവങ്ങാട് ഐ.ടി.ഐ. പാതയോരത്തുമായാണ് കണ്ടൽക്കാടുകൾ അധികവും തഴച്ചുവളരുന്നത്. പാതയോരത്തായതുകൊണ്ടുതന്നെ മാലിന്യം വാഹനങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നത് എളുപ്പമാണ്. ഡി.വൈ.എഫ്.ഐ. നേതൃത്വത്തിൽ കഴിഞ്ഞ ജൂണിൽ ദിവസങ്ങളോളം പണിപ്പെട്ട് കണ്ടൽക്കാടുകൾക്കിടയിൽനിന്ന്‌ ചാക്കുകണക്കിന് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരണത്തിനായി അയച്ചിരുന്നു. മേഖലയിൽ നിരീക്ഷണം ശക്തമാക്കുകയുംചെയ്തു. മാലിന്യം തള്ളരുതെന്ന ബോർഡും സ്ഥാപിച്ചു.

എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് വാഹനങ്ങളിൽ, ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലും മാലിന്യം കൊണ്ടുവന്ന് ഇവിടെ തള്ളുന്നത്. പ്ലാസ്റ്റിക് പ്ലേറ്റുകൾ, കപ്പുകൾ, അറവുശാലകളിൽനിന്നുള്ള മാലിന്യങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ തുടങ്ങിയവയാണ് മാലിന്യങ്ങളിലേറെയും. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും പഠനത്തിനും മ്യൂസിയം നിർമിക്കാൻവേണ്ടി അണേലയിൽ ലക്ഷങ്ങൾ മുടക്കി കെട്ടിടം നിർമിച്ചിട്ടുണ്ട്. എന്നാൽ, മ്യൂസിയം പ്രവർത്തിച്ചുതുടങ്ങിയിട്ടില്ല.

Advertisements

കൊയിലാണ്ടി നഗരസഭാ ബജറ്റിൽ കണ്ടൽമ്യൂസിയത്തെ ഉന്നതനിലവാരത്തിലേക്ക് ഉയർത്താൻവേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അണേലയിലും പരിസരപ്രദേശങ്ങളിലുമായി നൂറേക്കറോളം വിസ്തൃതിയിൽ കണ്ടൽവനം ഉണ്ടെന്നാണ് കണക്ക്. കണയങ്കോടുമുതൽ നെല്യാടിക്കടവുവരെയുള്ള ഏഴരക്കിലോമീറ്റർ നീളത്തിൽ പുഴയുടെ ഇരുവശങ്ങളിലുമായുള്ള ഇടതിങ്ങിയ കണ്ടൽക്കാടുകൾ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നവയാണ്. ആനക്കണ്ടൽ, ചുള്ളിക്കണ്ടൽ, നക്ഷത്രക്കണ്ടൽ, കടകണ്ടൽ, വള്ളിക്കണ്ടൽ, ചെറുകണ്ടൽ തുടങ്ങി പതിനെട്ടോളം കണ്ടൽ ഇനങ്ങൾ പരിസ്ഥിതിപ്രവർത്തകൻ കല്ലേൻ പൊക്കുടൻ മുമ്പ് അണേലയിലെത്തി തിരിച്ചറിഞ്ഞിരുന്നു. കണ്ടൽച്ചെടികളുടെ മുഴുവൻ ഇനങ്ങളും അവയുടെ ചിത്രങ്ങളും കണ്ടൽ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുകയും അതുവഴി ഗവേഷകവിദ്യാർഥികൾക്ക് പഠനത്തിന് ഉപയോഗപ്പെടുത്തുകയുമായിരുന്നു മ്യൂസിയം സ്ഥാപിക്കുന്നതിലൂടെ നഗരസഭ ലക്ഷ്യമിട്ടത്.

വ്യത്യസ്തയിനം മത്സ്യങ്ങളടക്കമുള്ള ജലജീവികൾക്ക് സുരക്ഷിതമായി പ്രജനനം നടത്താനും പക്ഷികൾക്ക് കൂട്ടുകൂടാനും കണ്ടൽക്കാടുകൾ അനുകൂല സാഹചര്യമാണൊരുക്കുന്നത്. കൂടാതെ, ജലമലിനീകരണം, കരയിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയെ തടയുന്നു. തീരപ്രദേശത്തെ കണ്ടൽക്കാടുകൾ പുഴയിൽനിന്ന്‌ ഉപ്പുവെള്ളം കരപ്രദേശത്തേക്ക് വ്യാപിക്കുന്നതും തടയും.

Leave a Reply

Your email address will not be published. Required fields are marked *