KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി അരിക്കുളം റോഡിലെ ടോൾ ബൂത്ത് ഉടൻ പൊളിച്ച് മാറ്റണം

കൊയിലാണ്ടി: അരിക്കുളം മുത്താമ്പി റോഡിലെ ടോൾ ബൂത്ത് ഉടൻ പൊളിച്ച് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വർഷങ്ങളായി ടോൾപിരിവ് നടക്കാത്ത ഈ ബൂത്ത് ഗതാഗതത്തിന് വഴിമുടക്കിയായിരിക്കുകയാണ്. പലപ്പോഴായി ഇവിടെ നിരവധി വാഹനാപകടങ്ങളാണ് ഉണ്ടായത്. രാത്രിയായാൽ മദ്യപന്മാർ ഇവിടെ താവളമാക്കാറുണ്ട്. ഇതിനകത്ത് കയറി നിലത്തിരുന്നാൽ ആരും കാണുകയില്ല എന്നതാണ് ഇവർക്ക് താവളമാക്കാൻ സൌകര്യമായത്. 2013 ൽ ഏപ്രിൽ മാസം കൊയിലാണ്ടി റെയിൽവെ മേൽപ്പാലം ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഇവിടെ ആർ.ബി.ഡി.സി.കെ.യുടെ നേതൃത്വത്തിൽ ടോൾ ബൂത്ത് പണിതത്. വൈ മാതൃകയിലുള്ള പാലം പണിതതോടെ കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാതയിൽ ഒരു ടോൾ ബൂത്തും, കൊയിലാണ്ടി അരിക്കുളം മുത്താമ്പി റോഡിൽ മറ്റൊരു ബൂത്തും പണിയുകയായിരുന്നു. അന്ന് മുതൽ ഇരു ഭാഗങ്ങളിലും ടോൾ പിരിവ് ആരംഭിച്ചെങ്കിലും താമരശ്ശേരി റോഡിലെ ടോൾ പിരിവ് വൻ ലാഭത്തിലാകുകയും മുത്താമ്പി റോഡിലെ ടോൾ പിരിവ് വൻ നഷ്ടത്തിലാകുകയുമായിരുന്നു.

4 വർഷത്തിലേറെ ഇവിടെ രണ്ട് തൊഴിലാളികളെ വെച്ച് ടോൾ പിരിവ് നടത്തിയെങ്കിലും തൊഴിലാളികൾക്ക് കൊടുക്കാനുള്ള കൂലി കിട്ടാതായതോടെ പലപ്പോഴായി ടോൾ പിരിവ് നിർത്തിവെക്കേണ്ടി വന്നത്. ഇപ്പോൾ രണ്ട് വർഷത്തിലേറെയായി ഇവിടെ ടോൾ പിരിവ് തീരെ നടക്കുന്നില്ല. പാലത്തിനോട് ചേർന്ന് വീതി കുറഞ്ഞ റോഡിന് നടുക്ക് ടോൾ ബൂത്തുകൂടി പണിതതോടെ ഇതു വഴിയുള്ള ഗതാഗത ദുഷ്ക്കരമാണ്. ഒരു ഓട്ടോറിക്ഷയോ കാറോ കടന്ന് പോകുമ്പോൾ കാൽ നടയാത്രക്കാർക്ക് അത് വഴി കടന്ന് പോകണമെങ്കിൽ ജീവൻ പണയംവെക്കേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്.

കൂടാതെ സുനാമി റോഡിലേക്കും, കൊയിലാണ്ടി നഗരസഭ ഓഫീസിലേക്കുള്ള റോഡും ഇതിനോട് ചേർന്നാണ് കടന്ന് പോകുന്നത്. പലപ്പോഴും വാഹനങ്ങൾക്ക് യു ടേൺ എടുക്കേണ്ടി വരുന്നത് കൊണ്ട് ഗതാഗതം താറുമാറാകുന്ന സ്ഥിതിയുമുണ്ടിവിടെ. സുനാമി റോഡിൽ നിന്ന് ചെങ്കുത്തായ മെയിൽ റോഡിലേക്ക് വാഹനം കയറ്റുമ്പോൾ നിരവധി വാഹനങ്ങൾ കൂട്ടി മുട്ടി പലർക്കും പരിക്കേറ്റിരുന്നു. ഇനിയും ഈ ടോൾ ബൂത്ത് വെച്ചിരിക്കരുതെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലപരിമിതിയുള്ള ഇവിടെ ബൂത്ത് നിർമ്മിക്കുമ്പോഴുള്ള അശാസ്ത്രീയത അന്നേ നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു. രണ്ടര വർഷംകൊണ്ട് നിർദ്ദിഷ്ട ബൈപ്പാസ് കൂടി പൂർത്തിയായാൽ ഇതു വഴിയുള്ള വാഹനയാത്ര പകുതിയായി ചുരുങ്ങുമെന്നാണ് കണക്കാക്കുന്നത്. ടോൾ ബൂത്ത് പൊളിച്ചു മാറ്റാൻ എം.എൽ.എയും. നാട്ടുകാരും അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. യുവജന സംഘടനകൾ സമരം ഏറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഫോൺ ഇൻ പരിപാടിയിൽ വിഷയം അവതരിപ്പിക്കാൻ നാട്ടുകാർ ആലോചിക്കുന്നുണ്ട്.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *