KOYILANDY DIARY.COM

The Perfect News Portal

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ഒരുക്കങ്ങൾ ഊർജ്ജിതമാക്കി സിവിൽ സപ്ലൈസ

കൊയിലാണ്ടി: കോവിഡ് കാലത്ത് ആരോഗ്യം റവന്യു ആഭ്യന്തരം വകുപ്പ് പോലെ തന്നെ ഇടവേളകളില്ലാതെ കർമ്മനിരതരാണ് സിവിൽ സപ്ലൈസ് വകുപ്പ് ജീവനക്കാരും.  കൊയിലാണ്ടി താലൂക്കിൽ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് അവധിയില്ലാതെ ഞായറാഴ്ചയും തുറന്ന് പ്രവർത്തിക്കുന്ന സിവിൽ സപ്ലൈസ് വകുപ്പിന് കീഴിലെ കൊയിലാണ്ടി സപ്ലൈകൊ ഡിപ്പൊ കെ.ദാസൻ എം.എൽ.എ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.   കൊയിലാണ്ടി താലൂക്കിൽ ആകെ 1,80000 ത്തോളം റേഷൻ കാർഡുടമകൾ ആണ് ഉള്ളത്.  ഈ കാർഡുടമകൾക്കെല്ലാം 16 ഓളം സാധനങ്ങൾ ഉൾക്കൊള്ളുന്ന ഒരോ കിറ്റുകളാക്കി നൽകുക എന്ന ശ്രമകരമായ ദൗത്യമാണ് സപ്ലൈകൊ വിഭാഗം  ഇപ്പോൾ  നിർവ്വഹിച്ചു വരുന്നതെന്ന് എം.എൽ.എ പറഞ്ഞു.   
അന്ത്യോദയ അന്നയോജന വിഭാഗത്തിൽ പെടുന്ന താലൂക്കിലെ 9841 പേർക്കുള്ള കിറ്റുകൾ ഇതിനോടകം റേഷൻ കടകൾ വഴി വിതരണം ചെയ്തു കഴിഞ്ഞു.  ബാക്കി 80,000  ബി.പി.എൽ (പ്രയോറിറ്റി ഹൗസ് ഹോൾഡേഴ്സ് ) കാർഡുടമകൾക്കും 90,000  ത്തോളം വരുന്ന APL കാർഡുടമകൾക്കും ആണ് കിറ്റ് വിതരണം ചെയ്യാനുള്ളത്.  ഇതിൽ കിറ്റ് ആവശ്യമില്ലാത്ത APL വിഭാഗത്തിൽ പെട്ടവർക്ക് ഓൺലൈനായി അക്കാര്യം അറിയിക്കാനുള്ള സംവിധാനം വകുപ്പിന്റെ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.  
സാധനങ്ങളുടെ സ്റ്റോക്ക് ഇറക്കി കിറ്റുകളാക്കി മാറ്റുന്നതിന്  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തിൽ ഒരോ കേന്ദ്രങ്ങൾ ഇപ്പോൾ തെരെഞ്ഞെടുത്ത് കഴിഞ്ഞിട്ടുണ്ട്.  സിവിൽ സപ്ലൈസ് ജീവനക്കാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സേവനം ഉപയോഗപ്പെടുത്തി കുറ്റമറ്റ രീതിയിൽ തന്നെ ഒരോ സാധനങ്ങളും വെവ്വേറെ കവറുകളിലാക്കി കിറ്റുകളാക്കാനുള്ള നടപടികൾ  അന്തിമഘട്ടത്തിലാണെന്ന് എം.എൽ.എ പറഞ്ഞു.
താലൂക്കിലാകെ 35 കേന്ദ്രങ്ങളാണ് ഇതിനായി  തെരെഞ്ഞെടുത്തിരിക്കുന്നത്.  കൊയിലാണ്ടി നിയോജക മണ്ഡലം പരിധിയിൽ ചേമഞ്ചേരി ഫ്രീഡം ഫൈറ്റേഴ്സ് ഹാൾ, പെരുമ ഓഡിറ്റോറിയം പയ്യോളി, SNDP ലൈബ്രറി ഹാൾ അയനിക്കാട്, ഹാജി പി.കെ. മെമ്മോറിയൽ എൽ.പി.സ്കൂൾ മൂടാടി, സൂരജ് ഓഡിറ്റോറിയം കൊയിലാണ്ടി, മൂടാടി സർവ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയം ന ന്തി, ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി.സ്കൂൾ,  ഗായത്രി കല്യാണമണ്ഡപം കൊല്ലം, പഞ്ചായത്ത് സാംസ്കാരിക നിലയം തിക്കോടി, കാവും വട്ടം എ.യു.പി.സ്കൂൾ എന്നീ 10 കേന്ദ്രങ്ങളാണ് കിറ്റുകൾ ഒരുക്കാനായി ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.   
പേക്കിംഗ് കേന്ദ്രങ്ങളിലേക്ക് ആവശ്യമായ വെയിംഗ് മെഷീൻ, പാക്കിംഗ് മെഷീൻ എന്നിവ ലീഗൽ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ടും പുറത്ത് നിന്നും അടിയന്തരമായി ഒരുക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.  ഏപ്രിൽ 17 മുതൽ BPL വിഭാഗത്തിൽപ്പെടുന്നവർക്ക് വിതരണം ആരംഭിക്കാവുന്ന രീതിയിലാണ് ഇപ്പോൾ  കാര്യങ്ങൾ ക്രമീകരിച്ചു വരുന്നത്.  അതിന് ശേഷം മാത്രമെ APL വിഭാഗത്തിൽ പെടുന്നവർക്കുള്ള വിതരണം ആരംഭിക്കുകയുള്ളു.  റേഷൻ കടകൾ വഴിയാണ് കിറ്റുകൾ വിതരണം ചെയ്യുക.
Share news

Leave a Reply

Your email address will not be published. Required fields are marked *