KOYILANDY DIARY

The Perfect News Portal

സിപിഐ മുന്നണി മര്യാദ ലംഘിക്കുന്നു: കോടിയേരി

കണ്ണൂര്‍: ശത്രുക്കള്‍ക്ക് മുതലെടുക്കാന്‍ കഴിയുന്ന സാഹചര്യം എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ സ്വീകരിക്കരുതെന്നും സിപിഐ മുന്നണി മര്യാദകള്‍ ലംഘിക്കരുതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പരസ്യ പ്രസ്താവനക്കുള്ള മറുപടിയായി വാര്‍ത്താസമ്മേളനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയത്.

ഭരണപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത് ശരിയല്ല. അത് മുന്നണി മര്യാദകളുടെ ലംഘനമാണ്.പല പാര്‍ടികള്‍ ആകമ്പോള്‍  വ്യതസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം . അവ മുന്നണിക്കുള്ളിലോ ഉഭയകക്ഷി ചര്‍ച്ചകളിലോ ഉന്നയിച്ച് പരിഹരിക്കുകയാണ് വേണ്ടത്.വിവാദങ്ങളിലെ പരസ്യ പ്രതികരണങ്ങള്‍ ഒഴിവാക്കണം. പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്നവും മുന്നണിക്കുള്ളിലില്ല. മുന്‍ കാലങ്ങളില്‍ ഇതിലും രൂക്ഷമായ അഭിപ്രായ വ്യാസങ്ങള്‍ ഇണ്ടായിട്ടുള്ളതാണ്. അതെല്ലാം പരിഹരിച്ചതുമാണ്. എപ്പോള്‍ വേണമെങ്കിലും ഘടകകക്ഷികള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടത്താവുന്നതുമാണ്. മുന്നണിക്കുള്ളില്‍  എന്തെങ്കിലും പ്രശ്നമുണ്ടെന്നു വരുത്തി തീര്‍ത്ത് മുതലെടുക്കാമെന്ന് പ്രതിപക്ഷം മന:പായസം ഉണ്ണേണ്ടെന്നും കോടിയേരി പറഞ്ഞു.

നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കുകയാണ് സര്‍ക്കാര്‍ .ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടികളെ തളര്‍ത്തുന്ന പ്രവര്‍ത്തനം പാടില്ല. വിവാദങ്ങളില്‍ പരസ്യ പ്രസ്താവന നടത്തി പ്രതിപക്ഷത്തിന് ഘടകകക്ഷികള്‍ ആയുധം കൊടുക്കരുത്. എല്‍ഡിഎഫിനൊപ്പവും യുഡിഎഫിനൊപ്പവും ഭരണത്തിലുണ്ടായതിന്റെ അനുഭവം സിപിഐക്കുണ്ട്. സിപിഐ എമ്മിനെക്കാള്‍ കൂടുതല്‍ കാലം ഭരണത്തിലിരുന്ന അനുഭവവും അവര്‍ക്കുണ്ട്. അതിനാല്‍ മുന്നണി മര്യാദകള്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല . കാനത്തെ ഉപയോഗപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സര്‍ക്കാരിനെതിരെ കുത്തിതിരിപ്പുകള്‍ ഉണ്ടാകുമ്പോള്‍ ഘടകകക്ഷി നേതാക്കള്‍ ഒന്നിച്ച് നേരിടുകയാണ് വേണ്ടത്.

Advertisements

കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. അതിലൊന്ന് നിലമ്പൂരിലെ മാവോയിസ്ററുകളുടെ കൊലപാതകമാണ്. പൊലീസുമായുള്ള വെടിവെയ്പ്പിലാണ് രണ്ട് മാവോയിസ്റ്റുകള്‍  കൊല്ലപ്പെട്ടത്. അതിനെ വ്യാജ ഏറ്റുമുട്ടലായി ചിത്രീകരിക്കാനാണ് ശ്രമം നടന്നത്. എന്നാല്‍ സത്യമതല്ലല്ലോ. ഇവിടെ  വ്യാജ ഏറ്റുമുട്ടലും കൊലപാതകവും നടന്നിട്ടുണ്ട് . നക്സല്‍ വര്‍ഗീസിനെ  അങ്ങിനെയാണ്  കൊലപ്പെടുത്തിയത്.  ആ കാര്യത്തില്‍ എഫ്ഐആര്‍ തിരുത്തണമെന്ന നിലപാടെടുത്ത പാര്‍ടിയാണ് സിപിഐ എം. മുത്തങ്ങയില്‍ യുഡിഎഫിന്റെ കാലത്ത് സമരം ചെയ്ത ആദിവാസികളെ വെടിവെച്ചു കൊന്ന  കേസിലും സിപിഐ എം നിലപാട് വ്യക്തമാണ്.

വിവരാവകാശ നിയമത്തില്‍ സര്‍ക്കാരിന് മറച്ചുവെക്കേണ്ടതായി ഒന്നുമില്ല. മന്ത്രിസഭാ തീരുമാനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഈ സര്‍ക്കാരിന് ഒരെതിര്‍പ്പും ഇല്ല. മാത്രമല്ല എത്രയും വേഗത്തില്‍ അവ ലഭ്യമാക്കണമെന്നുമാണ് തീരുമാനം. അതിനായി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതടക്കമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുണ്ട്.

അന്നും ഇന്നും സിപിഐ എം യുഎപിഎ നിയമത്തിന്  എതിരാണ്. അത്തരം കേസുകളില്‍ വേണ്ട തിരുത്തലുകള്‍ സര്‍ക്കാര്‍  സ്വീകരിച്ചിട്ടുമുണ്ട്. അതിലും മറിച്ചൊരു അഭിപ്രായം ഘടകകക്ഷികള്‍ക്ക് ഉണ്ടാകേണ്ട കാര്യമില്ല.

മൂന്നാറില്‍ യഥാര്‍ത്ഥത്തില്‍ കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സബ് കലക്ടറെ സഹായിക്കുന്ന നടപടിയാണ് സിപിഐ എമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നാല്‍ അതിനെ വളച്ചൊടിക്കുകയാണ് ഉണ്ടായത്. ഇത്തരം കാര്യങ്ങള്‍ക്ക് പോകുമ്പോള്‍ സബ് കലക്ടര്‍ പൊലീസിനെ മുന്‍ കൂട്ടി അറിയിക്കണം എന്നാല്‍ ഇവിടെ അങ്ങിനെ ഉണ്ടാകാതിരുന്നതാണ് ചില സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. കൂടാതെ ചില ഭൂസംരക്ഷണക്കാര്‍ ഇടപ്പെട്ടതും പ്രശ്നമായി. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നും അനധികൃത നിര്‍മ്മാണങ്ങള്‍ തടയണമെന്നുമാണ് സിപിഐ എമ്മിന്റെ നിലപാട്. അതോടൊപ്പം അവിടെ  പട്ടയവിതരണം പൂര്‍ത്തിയാക്കുകയും വേണം .

ജിഷ്ണു കേസില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് സര്‍ക്കാര്‍. ആദ്യമായാണ് സ്വാശ്രയ മാനേജ് മെന്റിനെതിരെ ഒരു സര്‍ക്കാര്‍ കേസെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും. എന്നാല്‍ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോര്‍ കേസ് ദുര്‍ബലമായി. ഇതിനെതിരെ സുപ്രീംകോടതിയെയും സര്‍ക്കാര്‍ സമീപിച്ചു. ജിഷ്ണുകേസില്‍ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നതും എല്ല സഹായങ്ങളും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതുമാണ്. അതില്‍ എന്തെങ്കിലും കുറവുണ്ടായിരുന്നുവെങ്കില്‍ വീണ്ടും അക്കാര്യം മുഖ്യമന്ത്രിയെതന്നെ ധരിപ്പിക്കാമായിരുന്നു. എന്നാല്‍ അതിനുപകരം ഡിജിപി ഓഫീസിനുമുന്നില്‍ സമരത്തിനാണ് ശ്രമിച്ചത്. ഡിജിപി ഓഫീസിനുമുന്നില്‍ സമരം നടത്തുമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അവിടെ അതീവ സുരക്ഷാമേഖല ആയതിനാലാണ് കുടുംബാംഗങ്ങളെ മാറ്റേണ്ടി വന്നത്. അതിനിടെ  ഉണ്ടായ പൊലീസ് നടപടിയില്‍ വീഴ്ച ഉണ്ടെങ്കില്‍ നടപടി എടുക്കുമെന്ന്  മുഖ്യമന്ത്രി പറഞ്ഞതും അതനുസരിച്ച് അവര്‍ സമരം അവസാനിപ്പിച്ചതുമാണ്. എന്നാല്‍ ഈ പ്രശ്നത്തില്‍ മുതലെടുപ്പ് നടത്താനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചത്. ജിഷുണുവിന്റെ നാടായ വളയത്ത് അതിനായി അവര്‍ ശ്രമം തുടങ്ങി. വളയത്തെ കേരളത്തിലെ നന്ദിഗ്രാം ആക്കുമെന്നായിരുന്നു പ്രചാരണം. എന്നാല്‍ അതെല്ലാം വളയത്തെ ജനങ്ങള്‍തന്നെ തള്ളിയെന്നും കോടിയേരി പറഞ്ഞു.

രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ഉപദേശകനായി നിയമിച്ചതില്‍ അപാകതയില്ലെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *