KOYILANDY DIARY

The Perfect News Portal

പുഷ്പന് കമ്പ്യൂട്ടറും ഉപകരണങ്ങളും പിണറായി സമ്മാനിച്ചു

ചൊക്ളി :  ജീവിതത്തിലെ സ്വപ്നവും പ്രതീക്ഷയുമെല്ലാം ഇനി പുഷ്പന് എഴുതാം. അത്യാധുനിക വീല്‍ചെയറില്‍ പുറംലോകത്തെ കാഴ്ചകളിലേക്കും പരസഹായമില്ലാതെ യാത്രചെയ്യാം. വിഷുകൈനീട്ടമായി മുഖ്യമന്ത്രി പിണറായിവിജയനില്‍ നിന്ന് ചലനോപകരണങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ എന്തെന്നില്ലാത്ത ആഹ്ളാദത്തിലായിരുന്നു കൂത്തുപറമ്പ് പോരാട്ടത്തിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പനും നാടും. ഇരുപത്തിരണ്ട് വര്‍ഷത്തിലേറെയായി വീട്ടിലെ ഒറ്റമുറിയില്‍ ഒതുങ്ങിയ കാഴ്ചകള്‍ക്കും ജീവിതത്തിനും ഇനി പുതിയ വഴിതെളിയുകയാണ്.

അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ചലനോപകരണവും അനുബന്ധ സംവിധാനങ്ങളും നോര്‍ത്ത്മേനപ്രത്തെ പുതുക്കുടിവീട്ടിലെത്തിയാണ് മുഖ്യമന്ത്രി കൈമാറിയത്. കൈക്കുടന്ന നിറയെ കണിക്കൊന്ന നല്‍കിയാണ് പുഷ്പന്റെ അമ്മ ലക്ഷ്മിയേടത്തി മുഖ്യമന്ത്രിയെ സ്വീകരിച്ചത്. പുഷ്പന് എന്ത് നല്‍കിയാലും കൂടുതലാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുഷ്പന് സ്വയം ഉപയോഗിക്കാന്‍ കഴിയുന്ന സൌകര്യങ്ങളാണ് ഒരുക്കിയത്. ലോകത്ത് ഇന്ന് ലഭ്യമായ ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് സജ്ജമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരം സാമൂഹ്യസുരക്ഷമിഷന്റെ മേല്‍നോട്ടത്തിലാണ് പുഷ്പന് ഉപയോഗിക്കാന്‍ പാകത്തിലുള്ള ചലനോപകരണം രൂപപ്പെടുത്തിയതെന്ന് അധ്യക്ഷയായ മന്ത്രി കെ കെ ശൈലജ പറഞ്ഞു. അത്യാധുനിക സംവിധാനമുള്ള ഇലക്ട്രോണിക്സ് കട്ടിലും വീല്‍ചെയറും പുഷ്പന് സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും വിധമാണ് രൂപകല്‍പന ചെയ്തത്. സാങ്കേതിക വിദഗ്ധരുള്‍പ്പെട്ട ടെക്നിക്കല്‍ കമ്മിറ്റിപരിശോധിച്ചാണ് സംവിധാനം സജ്ജമാക്കിയത്.

Advertisements

ശരീരത്തില്‍ ഘടിപ്പിച്ച റിമോട്ട്സെന്‍സറിന്റെ സഹായത്തോടെ ടാബ് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ സ്ക്രീനില്‍ എഴുതാന്‍ സാധിക്കുമെന്ന് കെ കെ ശൈലജ പറഞ്ഞു. രാജ്യത്ത് ഇത്തരമൊരു സംവിധാനം ആദ്യത്തേതാണ്. ഒരേ സമയം എഴുതാനും വായിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. സംസാരമാണ് എഴുത്തായി കമ്പ്യൂട്ടറില്‍ മാറുകയെന്ന് മന്ത്രി പറഞ്ഞു. എ എന്‍ ഷംസീര്‍ എംഎല്‍എ സ്വാഗതവും സാമൂഹ്യസുരക്ഷമിഷന്‍ എക്സിക്യൂട്ടീവ് ഡയര്ക്ടര്‍ ഡോ മുഹമ്മദ് അഷീല്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *