KOYILANDY DIARY

The Perfect News Portal

വയോജനങ്ങള്‍ക്കായി പകല്‍വീട് ഒരുങ്ങുന്നു

വടകര: ജീവിതസായാഹ്നത്തിലെ ഒറ്റപ്പെടലുകൾക്കും വേദനകൾക്കും താങ്ങായി ഇനി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയും. സൊസൈറ്റിയുടെ കീഴിലുള്ള യു.എൽ. ഫൗണ്ടഷന്റെ നേതൃത്വത്തിലാണ് നാദാപുരം റോഡിലെ ആത്മവിദ്യാസംഘം ഹാളിനു സമീപത്തായി അന്താരാഷ്ട്ര നിലവാരത്തിൽ പകൽവീട് ഒരുക്കുന്നത്. കെട്ടിടനിർമാണം അവസാനഘട്ടത്തിലാണ്. സെപ്റ്റംബറിൽ ഉദ്ഘാടനം നടക്കും.

ആത്മവിദ്യാസംഘത്തിന്റെ നൂറാം വാർഷികം പ്രമാണിച്ച്‌ കൂടിയാണ് ഇത്തരമൊരു സംരംഭമെന്ന് യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി പറഞ്ഞു. നിലവിലുള്ള പകൽവീട് സങ്കൽപ്പത്തിൽനിന്ന് തീർത്തും വ്യത്യസ്തമായ സംവിധാനമാണ് ലക്ഷ്യമിടുന്നത്. വയോജനങ്ങൾക്ക് പകൽസമയങ്ങളിൽ ഇവിടെ ഒത്തുകൂടാം. തുടക്കത്തിൽ 50 പേരായിരിക്കും ഉണ്ടാവുക.  ഇതിനായി ഒഞ്ചിയം, ചോറോട് പഞ്ചായത്തുകളിൽ സർവേ നടത്തി 90 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. 65 വയസ്സിനു മുകളിലുള്ളവർക്കാണ് അവസരം. ഭാവിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തും. രാവിലെ വയോജനങ്ങളെ വീട്ടിൽനിന്ന് കേന്ദ്രത്തിലേക്ക് എത്തിക്കാനും വൈകീട്ട് തിരിച്ച് വീടുകളിലെത്തിക്കാനും വാഹനസൗകര്യം ഉണ്ടാകും.

വിനോേദാപാധികൾ, വൊക്കേഷണൽ ട്രെയിനിങ് സെന്റർ, യോഗ, ഫിസിയോതെറാപ്പി, ലൈബ്രറി, റീഡിങ് റൂം തുടങ്ങിയ സൗകര്യങ്ങളും ഇവിടെ കിട്ടും. എല്ലാ സേവനവും തീർത്തും സൗജന്യമാണ്. ചികിത്സാ സൗകര്യവും ലഭ്യമാക്കും. ഒരു നഴ്‌സ് എല്ലാ സമയവും ഇവിടെ ഉണ്ടാകും. കൂടാതെ ഡോക്ടർമാർ ഉൾപ്പെടെയുള്ള മെഡിക്കൽ സംഘത്തിന്റെ സേവനം നിശ്ചിതദിവസങ്ങളിൽ ലഭിക്കും. കലാ-സാഹിത്യ മേഖലകളിൽ ഓരോരുത്തർക്കും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനും അവസരം ലഭിക്കും.

Advertisements

ഭക്ഷണം ഇവിടെ കിട്ടുമെങ്കിലും പാചകം ഇഷ്ടപ്പെടുന്നവർക്ക് അതും ചെയ്യാം. ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവരെ കുറിച്ച് സർക്കാറിനുവേണ്ടി പഠനം നടത്തിയ ഏകാംഗ കമ്മിഷൻ ഡോ. എം.കെ. ജയരാജാണ് യു.എൽ. ഫൗണ്ടേഷന്റെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഒരു മാസമായി ഇദ്ദേഹം ഫൗണ്ടേഷന്റെ ഭാഗമാണ്. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കോഴിക്കോട് ഒരു പകൽവീട് തുടങ്ങിയിട്ടുണ്ട്. രണ്ടാമത്തെ സംരംഭമാണ് വയോജനങ്ങൾക്കായുള്ള കേന്ദ്രം. ഇതുൾപ്പെടെ ആറ് പദ്ധതികൾ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നുണ്ടെന്ന് ഡോ. എം.കെ. ജയരാജ് പറഞ്ഞു. മാനസികവെല്ലുവിളി നേരിടുന്നവർക്കായി ഒരു കേന്ദ്രം, വയോജനസദനം, ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിമിതികൾ തുടക്കത്തിൽ കണ്ടെത്തി ഇവ പരിഹരിക്കുന്നതിനായി ഏർളി ഇന്റർവെൻഷൻ സെന്റർ തുടങ്ങിയവയാണ് പദ്ധതികൾ.

Leave a Reply

Your email address will not be published. Required fields are marked *