മുഖ്യമന്ത്രിക്കെതിരെ വ്യാജതെളിവുണ്ടാക്കല്‍ ; വി കെ മോഹനന്‍ കമീഷന്‍ പ്രവര്‍ത്തനം തുടങ്ങി
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ വ്യാജതെളിവുണ്ടാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചതിനെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി കെ മോഹനന്‍ ജുഡീഷ്യല്‍ കമീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. അറിവുള്ളവരും തെളിവുനല്‍കാന്‍ കഴിയുന്നവരും 26നകം വിവരം അറിയിക്കണമെന്ന് കമീഷന്‍ വിജ്ഞാപനം ഇറക്കി.

സത്യവാങ്മൂലം, പത്രിക, നിര്‍ദേശങ്ങള്‍ എന്നിവ നല്‍കുന്ന വ്യക്തികള്‍ ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്ന രേഖകളുടെയും വിസ്തരിക്കാന്‍ ഉദ്ദേശിക്കുന്ന സാക്ഷികളുടെയും വിശദാംശം നല്‍കണം. അന്വേഷണത്തില്‍ കക്ഷിചേരുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹ്യ, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ 26 വരെ അപേക്ഷ നല്‍കാം.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ മൊഴിനല്‍കാന്‍ സ്വര്‍ണകടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുംമേല്‍ ഇഡി ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയത്, സമ്മര്‍ദം ചെലുത്തിയെങ്കില്‍ ആരൊക്കെ, ഗൂഢാലോചനയുണ്ടോ തുടങ്ങിയ അഞ്ച് പ്രധാന കാര്യങ്ങളാണ് അന്വേഷിക്കുക. ആസ്ഥാനം എറണാകുളമാണ്. എറണാകുളത്തും കൊല്ലത്തും സിറ്റിങ് നടത്തും.


അന്വേഷണ വിഷയങ്ങള്‍:
1) മുഖ്യമന്ത്രിയെ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കാന്‍ ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി സ്വപ്ന സുരേഷ് പറയുന്ന ശബ്ദശകലത്തിന്റെ വസ്തുത.
2) മന്ത്രിസഭാംഗങ്ങളെയും നിയമസഭാ സ്പീക്കറെയും പ്രതിചേര്‍ക്കാന്‍ ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തി സന്ദീപ് നായര്‍ എറണാകുളം സെഷന്‍സ് ജഡ്ജിക്ക് എഴുതിയ മാര്‍ച്ച് അഞ്ചിലെ കത്തിന്റെ വസ്തുതകളും സാഹചര്യങ്ങളും.
3) ഈ കത്തിലെയും ശബ്ദശകലത്തിലെയും ഉള്ളടക്കം, അതിലേക്ക് നയിച്ച സാഹചര്യം, വസ്തുത, സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളെ ക്രിമിനല്‍ കുറ്റങ്ങളില്‍ തെറ്റായി പ്രതിചേര്‍ക്കുന്നതിന് നടത്തിയ ഗൂഢാലോചന.
4) ഗൂഢാലോചന കണ്ടെത്തിയാല്‍, അതിന്റെ ഭാഗമായ വ്യക്തികളെ കണ്ടെത്തുക.
5) ഇതുമായി ബന്ധപ്പെട്ടതോ ഭാഗമായതോ ആകസ്മികമായി ഉല്‍ഭവിക്കുന്നതോ ആയി കമീഷന് ഉചിതവും ശരിയാണെന്നും തോന്നുന്ന വസ്തുതകള്‍.


