മിൽമയുടെ ഷുഗർ ഫ്രീ ഐസ്ക്രീം വിപണിയിൽ

കോഴിക്കോട്: മിൽമയുടെ പുതിയ ഉൽപ്പന്നമായ ഷുഗർ ഫ്രീ ഐസ്ക്രീം വിപണിയിലിറക്കി. വിപണനോദ്ഘാടനം മഞ്ചേരി റോയൽ ഓഡിറ്റോറിയത്തിൽ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ റഫീഖ് നിർവഹിച്ചു. മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ. എസ് മണി അധ്യക്ഷനായി. മാനേജിങ് ഡയറക്ടർ ഡോ. പി മുരളി, ജനറൽ മാനേജർ (പി. ഐ വിഭാഗം), കെ സി ജയിംസ്, കോഴിക്കോട് സീനിയർ മാനേജർ (ഡെയറി) എസ് രാധാകൃഷ്ണൻ എന്നിവരും സംബന്ധിച്ചു.

മിൽമയുടെ മലബാർ മേഖലാ യൂണിയന് കീഴിലെ കോഴിക്കോട് ഡയറിയിൽ നിർമിക്കുന്നതാണ് ഷുഗർ ഫ്രീ ഐസ്ക്രീം. 90 മില്ലി ലിറ്റർ അളവിൽ 25 രൂപ നിരക്കിൽ ലഭ്യമായ പ്രകൃതിദത്ത വാനില രുചിക്കൂട്ടുകളാൽ നിർമിക്കുന്നതാണിത്. ഗ്ലൂക്കോസിന്റെ അംശം തുലോം കുറവായതിനാൽ പ്രായമായവർക്കും പ്രമേഹ രോഗികൾക്കും ഉപയോഗിക്കാം.




                        
