KOYILANDY DIARY

The Perfect News Portal

മാരാമണ്‍ കണ്‍വന്‍ഷനില്‍ ഭിന്നലിംഗക്കാര്‍ക്ക് ആദരം

പത്തനംതിട്ട: ഞങ്ങള്‍ക്ക് കരയാനാകില്ല, കരഞ്ഞാല്‍ പറയും കള്ളക്കണ്ണീരാണെന്ന്. ചിരിച്ചാല്‍ പറയും അനാശാസ്യമാണെന്ന്. ചിരിക്കാനും കരയാനുമുള്ള അവകാശങ്ങള്‍ക്ക് വേണ്ടിയിട്ടാണ് ഞങ്ങളുടെ ആദ്യ പോരാട്ടം. മാരാമണ്‍ കണ്‍വന്‍ഷന്‍ വേദിയില്‍ ട്രാന്‍സ്ജെന്‍ഡറും ഡല്‍ഹിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന മലയാളിയായ സെലിന്‍ തോമസ് പറഞ്ഞ് നിര്‍ത്തിയപ്പോള്‍ കണ്‍വന്‍ഷന്‍ നഗറിലിരുന്ന പലരും തങ്ങളുടെ നിറകണ്ണുകള്‍ തുടച്ചു.

ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് മാതാപിതാക്കളും ബന്ധുക്കളും തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് നന്നേ ചെറുപ്രായത്തില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട സെലിന്‍ ഡല്‍ഹിയില്‍ ഹിന്ദുഭവനങ്ങളില്‍ അര്‍ധനാരി പൂജ ചടങ്ങുകളില്‍ പങ്കെടുത്താണ് തുടര്‍ ജീവിതം നയിച്ചത്. ബന്ധുക്കള്‍ക്ക് അപമാനം ആകുമെന്നതിനാല്‍ സ്വന്തം അമ്മയുടെ സംസ്ക്കാര ചടങ്ങില്‍ ദൂരെ നിന്ന് പങ്കെടുക്കേണ്ടിവന്ന അവസ്ഥ സെലിന്‍ നിറകണ്ണുകളോടെ വിവരിച്ചപ്പോള്‍ വേദിയും സദസും പലപ്പോഴും കടുത്ത നിശബ്ദത പൂകി.

മൃഗസമാനമാണ് ഞങ്ങളുടെ ജീവിതം. 2013ല്‍ ഡല്‍ഹിയില്‍ ഭിന്നലിംഗക്കാരുടെ യോഗത്തിന് സാമൂഹ്യ വിരുദ്ധര്‍ തീകൊളുത്തിയപ്പോള്‍ നൂറിലധികം ട്രാന്‍സ്ജെന്‍ഡേഴ്സാണ് വെന്തുമരിച്ചത്. ഒരു ദേശീയ പത്രത്തിലും വാര്‍ത്ത വരാതെ അവിടത്തെ ഭരണകര്‍ത്താക്കള്‍ അത് ഒതുക്കി. കത്തിക്കരിഞ്ഞ മൃതദേഹങ്ങളില്‍ നിന്ന് സ്വര്‍ണ്ണം അപഹരിക്കുന്ന കാഴ്ച താന്‍ നേരില്‍ കണ്ടത് സെലിന്‍ വിവരിച്ചത് പലപ്പോഴും ഗദ്ഗദത്താല്‍ മുറിഞ്ഞു. 123ാമത് മാരാമണ്‍ കണ്‍വന്‍ഷനോടനുബന്ധിച്ച്‌ യുവവേദി നടത്തിയ യുവസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സെലിന്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ വിവരിച്ചത്.

Advertisements

മാര്‍ത്തോമ്മാ സമുദായത്തില്‍ ജനിച്ച തനിക്ക് ഇന്ന് ഈ വേദിയില്‍ വന്ന് താന്‍ ട്രാന്‍സ്ജെന്‍ഡര്‍ ആണെന്ന് പറയാന്‍ സാധിച്ചത് തന്നോടും തന്നെപ്പോലുള്ളവരോടും സഭ കാണിക്കുന്ന കരുണാവായ്പുകൊണ്ടാണ്. ഇതു വരെ താന്‍ സ്ത്രീ വേഷത്തിലായിരുന്നു കേരളത്തില്‍ വന്നിരുന്നത്. തനിക്ക് ഇന്നിവിടെ ലഭിച്ച അംഗീകാരം ആയിരക്കണക്കിന് ഭിന്നലിംഗക്കാര്‍ക്ക് ജീവിക്കാനുള്ള പ്രചോദനമാണ്. അതിനാല്‍ ഇനി കേരളത്തിലെത്തുക ഭിന്നലിംഗക്കാരിയെന്ന തിരിച്ചറിയുന്ന രീതിയിലായിരിക്കുമെന്നും സെലിന്‍ പറഞ്ഞു. ട്രാന്‍സ്ജെന്‍ഡര്‍ എന്നാല്‍ പലര്‍ക്കും എന്താണെന്ന് ഇപ്പോളും അറിയില്ല. അത്തരക്കാര്‍ക്ക് ആവശ്യം ബോധവല്‍ക്കരണമാണെന്നും സെലിന്‍ തോമസ് പറഞ്ഞു.

ഭിന്നലിംഗക്കാര്‍ സാധാരണയിലും അധികം ചായം പൂശുന്നത് ഞങ്ങളും നിങ്ങള്‍ക്കിടയിലുണ്ടെന്ന് തിരിച്ചറിയാനാണെന്ന് തിരുവനന്തപുരം സ്വദേശിയും ഭിന്നലിംഗക്കാരിയുമായ ശ്രീക്കുട്ടി പറഞ്ഞു. വര്‍ഷങ്ങളായി ഞങ്ങള്‍ നിങ്ങള്‍ക്കിടയില്‍ ജീവിക്കുന്നുണ്ടെങ്കിലും ആരും തിരിച്ചറിഞ്ഞില്ല. ചായം പൂശി അധികം ഒരുങ്ങി വന്നാല്‍ ചിലരെങ്കിലും ഞങ്ങളെ തിരിച്ചറിയും അതിനാണ് അമിതമായ മേയ്ക്കപ്പെന്നും ശ്രീക്കുട്ടി പറഞ്ഞു.

ഹിന്ദുവായി ജീവിക്കുന്ന തനിക്ക് മാര്‍ത്തോമ്മാ സഭയുടെ വേദിയില്‍ അവസരം ലഭിച്ചത് ട്രാന്‍സ്ജെന്‍ഡര്‍ ആയതിനാലാണ്. അതില്‍ ഇപ്പോള്‍ അഭിമാനിക്കുന്നു. മാര്‍ത്തോമ്മാ സഭ നല്‍കിയ ഈ അംഗീകാരം ഒരിക്കലും ഞങ്ങള്‍ മറക്കില്ല; ശ്രീക്കുട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *