KOYILANDY DIARY.COM

The Perfect News Portal

മഴ കളി മുടക്കി ഇന്ത്യ 305/4

മാഞ്ചെസ്റ്റര്‍: രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെ ബലത്തില്‍ ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരേ മികച്ച സ്കോറോടെ മുന്നേറുകയാണ് ഇന്ത്യ. എണ്‍പത്തിയഞ്ച് പന്തില്‍ നിന്നായിരുന്നു രോഹിതിന്റെ ഇരുപത്തിനാലാം ഏകദിന സെഞ്ചുറി. ഈ ലോകകപ്പില്‍ തന്നെ രോഹിത് നേടുന്ന രണ്ടാം സെഞ്ചുറിയാണിത്.  ദക്ഷിണാഫ്രിക്കയ്ക്കെതിരേയായിരുന്നു  ആദ്യത്തേത്. രോഹിത് സെഞ്ചുറി നേടുമ്പോള്‍ 30 ഓവറില്‍172/1 എന്ന സ്കോറിലായിരുന്നു ഇന്ത്യ. എന്നാല്‍, 113 പന്തില്‍ നിന്ന് 140 റണ്‍സെടുത്ത രോഹിത് അപ്രതീക്ഷിതമായി പുറത്തായി. ഹസന്‍ അലി എറിഞ്ഞ 38.2 ഓവറില്‍ വഹാബ് റിയാസ് ക്യാച്ചെടുക്കുകയായിരുന്നു.

78 പന്തില്‍ നിന്ന് 57 റണ്‍സെടുത്ത കെ. എല്‍. രാഹുലാണ് പുറത്തായ മറ്റൊരു ബാറ്റ്സ്മാന്‍. വഹാബ് റിയാസിനാണ് വിക്കറ്റ്. ഒന്നാം വിക്കറ്റില്‍ 136 റണ്‍സാണ് ഇന്ത്യ നേടിയത്. ടോസ് നേടിയ പാകിസ്താന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കുന്നത്. പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ കളിക്കും. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം കെ.എല്‍ രാഹുലായിരിക്കും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ലോകകപ്പില്‍ വിജയ് ശങ്കറിന്റെ അരങ്ങേറ്റ മത്സരമാണിത്. രണ്ട് സ്പിന്നര്‍മാരുമായാണ് പാകിസ്താന്‍ കളിക്കുന്നത്. ഷദാബ് ഖാനും ഇമാദ് വസീമും പാക് നിരയില്‍ തിരിച്ചെത്തി.

Advertisements

ഇന്ത്യയുടെയും പാകിസ്താന്റെയും ആരാധകര്‍ ഒരുപോലെ കാത്തിരുന്ന മത്സരത്തിന് പക്ഷേ മഴ ഭീഷണി നിലനില്‍ക്കുന്നു. എങ്കിലും കളി നടക്കും എന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റി കഴിഞ്ഞ ദിവസവും മാഞ്ചസ്റ്ററില്‍ മഴ പെയ്തിരുന്നു.

ഇത് ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ ആറ് തവണയും വിജയം ഇന്ത്യക്ക് ഒപ്പം നിന്നു. വിജയം പിടിച്ചെടുക്കാന്‍ പാകിസ്താനും വിട്ടുകൊടുക്കാതിരിക്കാന്‍ ഇന്ത്യയും പോരാടുന്നതോടെ മത്സരം കനക്കും എന്നുറപ്പ്.

കളിച്ച രണ്ടിലും ജയിക്കുകയും ന്യൂസീലന്‍ഡിനെതിരേ മഴ മുടക്കുകയും ചെയ്തതതോടെ മൂന്ന് കളിയില്‍ അഞ്ച് പോയന്റ് നേടിയ ഇന്ത്യ, കിരീടസാധ്യതയുള്ള ടീമുകളില്‍ മുന്നിലുണ്ട്. പാകിസ്താനാകട്ടെ ഇംഗ്ലണ്ടിനെ അട്ടിമറിച്ചപ്പോള്‍ വെസ്റ്റിന്‍ഡീസിനോടും ഓസ്‌ട്രേലിയയോടും തോറ്റു. ശ്രീലങ്കയ്ക്കെതിരായ മത്സരം മഴ എടുത്തതിനാല്‍ നാല് കളിയില്‍ മൂന്നു പോയന്റ് മാത്രമുള്ള പാകിസ്താന് ഇന്ത്യയോടും തോറ്റാല്‍ തിരിച്ചുവരവ് ബുദ്ധിമുട്ടാകും.

Share news

Leave a Reply

Your email address will not be published. Required fields are marked *