KOYILANDY DIARY

The Perfect News Portal

മലപ്പുറം സ്ഫോടനം എന്‍.ഐ.എ സംഘം ഇന്നെത്തും

മലപ്പുറം: സിവില്‍ സ്റ്റേഷനിലെ കോടതിവളപ്പിലുണ്ടായ സ്ഫോടനമന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) സംഘം ഇന്നെത്തും. കൊച്ചിയില്‍ നിന്നുള്ള എന്‍ഐഎ സംഘമാണ് എത്തുന്നത്. സ്ഥലത്ത് നിന്ന് തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്റിന്റെ പേരില്‍ ലഭിച്ച പെട്ടിയില്‍ ഉണ്ടായിരുന്ന പെന്‍ഡ്രൈവും ഫോറന്‍സിക്ക് വിദഗ്ധര്‍ വിശദമായ പരിശോധനക്ക് വിധേയമാക്കും. തൃശ്ശൂര്‍ റേഞ്ച് ഐ.ജിയും മൈസൂരുവില്‍ അടുത്തിടെ നടന്ന സ്ഫോടനത്തെപ്പറ്റി അന്വേഷിച്ച പ്രത്യേക പോലീസ് സംഘവും ഇന്ന് മലപ്പുറത്ത് എത്തുന്നുണ്ട്.

നേരത്തെ കൊല്ലത്തും ആന്ധ്രയിലെ ചിറ്റൂരിലും കര്‍ണാടകത്തിലെ മൈസൂരുവിലും നടന്ന സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ബേസ് മൂവ്മെന്റെന്ന സംഘടനയാണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മൈസൂരു സ്ഫോടനം അന്വേഷിച്ച സംഘം ഇന്ന് മലപ്പുറത്തെത്തുന്നത്.

മലപ്പുറം ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിവളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസറുടെ കാറിന് പിന്നില്‍ ചൊവ്വാഴ്ച പകല്‍ ഒന്നോടെയാണ് സ്ഫോടനമുണ്ടായത്. കാര്‍ ഭാഗികമായി തകര്‍ന്നു. തൊട്ടടുത്ത് നിര്‍ത്തിയിട്ട രണ്ട് കാറുകള്‍ക്കും കേടുപാടുണ്ടായി. സംഭവസ്ഥലത്തുനിന്ന് ഇലക്‌ട്രോണിക്സ് ഉപകരണങ്ങളുടെയും പ്രഷര്‍കുക്കറിന്റെയും ബാറ്ററികളുടെയും കരിമരുന്നിന്റെയും അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്.

Advertisements

നിരോധിത തീവ്രവാദ സംഘടനായ അല്‍ ഉമ്മയുടെ പേരാണ് ദി ബേസ്മൂവ്മെന്റ് എന്നത്. പെട്ടിയില്‍ പെന്‍ഡ്രൈവിനെ കൂടാതെ ഇന്ത്യയുടെ ഭൂപടം, മുഹമ്മദ് അഖ്ലാക്കിനെ മര്‍ദിച്ച്‌ കൊലപ്പെടുത്തിയ നടപടി രാജ്യത്തിന് അപമാനമെന്നും മറ്റും ഇംഗ്ളീഷില്‍ അച്ചടിച്ച ലഘുലേഖ, ബിന്‍ ലാദന്റെ ഫോട്ടോ എന്നിവയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *