KOYILANDY DIARY

The Perfect News Portal

കോഴിക്കോട്ടെ സ്കൈ ടവര്‍ വ്യാപാര സമുച്ചയം അധികൃതര്‍ അടച്ചുപൂട്ടി

കോഴിക്കോട്: അഗ്നിശമന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് മാവൂര്‍റോഡ് കുരിശുപള്ളി ജംഗ്ഷനടുത്ത സ്കൈ ടവര്‍ വ്യാപാര സമുച്ചയം അധികൃതര്‍ അടച്ചുപൂട്ടി.  നിയമാനുസൃത സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നെ ഫയര്‍ ആന്‍ഡ് റസ്ക്യു ഡിവിഷണല്‍ ഓഫീസറുടെ റിപ്പോര്‍ട്ടനുസരിച്ചാണ് ജില്ലാ മജിസ്ട്രേട്ടു കൂടിയായ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത് കെട്ടിടം സീല്‍ ചെയ്യാന്‍ ഉത്തരവിട്ടത്.

കളക്ടറുടെ ഉത്തരവനുസരിച്ച്‌ നഗരസഭാ ഉദ്യോഗസ്ഥരും, നടക്കാവ് പോലീസും ചേര്‍ന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ കെട്ടിടത്തിലുള്ള മുഴുവന്‍ പേരെയും ഒഴിപ്പിച്ച്‌ എട്ടുനില സമുച്ചയം സീല്‍ചെയ്തു. ഇതോടെ അന്‍പതിലധികം വ്യാപാര-വിദ്യാഭ്യസ സ്ഥാപനങ്ങളിലെ ജീവനക്കാരും, അറുനൂറോളം വിദ്യാര്‍ഥികളും പെരുവഴിയിലായി. നിയമാനുസൃത ഫയര്‍ സുരക്ഷ ഉറപ്പാക്കിയതിനുശേഷം മാത്രം കെട്ടിടം തുറന്നാല്‍ മതിയെന്നാണ് കളക്ടറുടെ ഉത്തരവ്. വിദേശ മലയാളി മുസ്തഫ മൂസയുടെ ഉടമസ്ഥതയിലുള്ളതാണ് സ്കൈ ടവര്‍.

സുരക്ഷ പാലിക്കാത്തതിന് മാവൂര്‍റോഡിലെ നാഷണല്‍ ഹോസ്പിറ്റല്‍, മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിനു മുന്നിലെ മര്‍ക്കസ് കോംപ്ലസ് തുടങ്ങി ബഹുനില കെട്ടിടങ്ങള്‍ക്കും അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.ഇതേ കുറ്റത്തിന് മുക്കം മണാേള്‍രിയിലെ കെഎംസിടി മെഡിക്കല്‍ കോളജ് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

Advertisements

നിയമാനുസൃത സുരക്ഷാ മാനദണ്ഡങ്ങള്‍ ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ 10ന് ജില്ലാ കളക്ടര്‍ സ്കൈ ടവര്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിനുശേഷം ഏതാനും ഉപകരണങ്ങള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചെങ്കിലും അവ പ്രവര്‍ത്തനക്ഷമമല്ലെന്ന് കഴിഞ്ഞ ദിവസം അഗ്നിശമന സേനാ വിഭാഗം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് കെട്ടിടം സീല്‍ ചെയ്യാന്‍ ജില്ലാ കളക്ടര്‍ നഗരസഭാ സെക്രട്ടറിക്കും, നോര്‍ത്ത് അസി.കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച്‌ നടക്കാവ് എസ്‌ഐ ജി.ഗോപകുമാര്‍, നഗരസഭാ അസി.എന്‍ജിനിയര്‍ ഒ.ബിബിന്‍, ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ എം.അഹമ്മദ് മുനീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.അബ്ദുല്‍ ഖാദര്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 10.30 നോടെ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു.

വുഡ് ലാന്‍ഡ്സ് ഷോറൂം, വിദേശ കറന്‍സി ഇടപാട് സ്ഥാപനമായ തോമസ് കുക്ക്, എബിസി ഇന്‍ഡോ-യുഎസ് അക്കാഡമി, എ ഫയോണ്‍, ലാപ്ടോപ് ക്ലിനിക്,ഒമാന്‍ എയര്‍, ഫ്യൂച്ചര്‍ ജനറലി, ഇമേജ്, നെറ്റ്സെക് സൊല്യൂഷന്‍സ്, ഡയറക്ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കൂള്‍-കോഫി ബാര്‍, തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഈ സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാപാരികളെയും ജീവനക്കാരെയും വിദ്യാര്‍ഥികളെയും ഉച്ചയ്ക്ക് ഒരുമണിയോടെ പൂര്‍ണമായും ഒഴിപ്പിച്ച്‌ പ്രവേശന കവാടങ്ങള്‍ ചങ്ങലയിട്ടു പൂട്ടി. അടുത്തിടെ പാവമണി റോഡിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് നഗരത്തിലെ കെട്ടിടങ്ങളുടെ സുരക്ഷാസംവിധാനം പരിശോധിച്ച്‌ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാകളക്ടര്‍ അഗ്നിശമന സേനയോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ഡസന്‍കണക്കിന് ബഹുനില കെട്ടിടങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിനുശേഷം, ഓയാസീസ് കോമ്ബൗണ്ട്, ദുബായ് ബസാര്‍, ഫോറിന്‍ ബസാര്‍,ഗള്‍ഫ് ബസാര്‍, മിഠായിതെരുവ് തുടങ്ങി തിങ്ങിനിറഞ്ഞ് വ്യാപാരം നടക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു മുന്നറിയിപ്പുമില്ലാതെ സ്ഥാപനങ്ങള്‍ അടപ്പിച്ചതിനെതിരെ ഇന്നലെ വ്യാപാരികള്‍ സംഘടിച്ചു.പരീക്ഷയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, കെട്ടിടത്തിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന അറുനൂറോളം വിദ്യാര്‍ഥികളെ അധികൃതര്‍ വഴിയാധാരമാക്കിയതായും വ്യാപാരികള്‍ ആരോപിച്ചു.

Dailyhunt

 

Leave a Reply

Your email address will not be published. Required fields are marked *