KOYILANDY DIARY

The Perfect News Portal

മദ്യത്തോട് വിടപറഞ്ഞവരുടെ കൂട്ടായ്മ: മോചനം ലഹരിവിമുക്ത ചികിത്സാ വിഭാഗത്തില്‍ നടന്നു

കോഴിക്കോട്: മദ്യത്തോട് വിടപറഞ്ഞവരുടെ കൂട്ടായ്മ ഇന്നലെ കുതിരവട്ടം മാനസിക രോഗാശുപത്രിയോടു ചേര്‍ന്ന മോചനം ലഹരിവിമുക്ത ചികിത്സാ വിഭാഗത്തില്‍ നടന്നു. മദ്യപാനശീലം ഒരു രോഗാവസ്ഥയാണെന്നു തിരിച്ചറിയുകയും ശരിയായ ചികിത്സയിലൂടെ അതില്‍ നിന്ന് മോചനം നേടുകയും ചെയ്തവരുടെ സാക്ഷ്യം പറച്ചിലായിരുന്നു കൂട്ടായ്മയില്‍.

മദ്യലഹരിയിലായിരുന്ന ഇരുണ്ട നാളുകളില്‍ നഷ്ടപ്പെട്ട ജീവിതത്തെ കുറിച്ച്‌ തിരിച്ചറിഞ്ഞ ചെറുപ്പക്കാരും കണ്ണീരിലൂടെ നീന്തിനീങ്ങിയ കാലത്തെ കുറിച്ചുള്ള ഓര്‍മ്മകളുമായി അമ്മമാരും ഭാര്യമാരും മക്കളും അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു.

മദ്യപാനം നിര്‍ത്താന്‍ വേണ്ടിയല്ല താന്‍ എത്തിയതെന്ന ആമുഖത്തോടെ തുടങ്ങിയ കൊയിലാണ്ടിക്കാരന്‍ മദ്ധ്യവയസ്കന്‍ ചുറ്റുമുണ്ടായിരുന്നവരെ അമ്പരപ്പിച്ചു. ഇന്നു കിട്ടുന്ന മദ്യമൊന്നും താന്‍ കഴിച്ചിട്ടില്ലെന്നും നാടന്‍ വാറ്റ് മാത്രമായിരുന്നു ശീലമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവരണം. കൈകാലുകള്‍ കെട്ടിയിട്ടാണ് ബന്ധുക്കള്‍ തന്നെ ആശുപത്രിയിലെത്തിച്ചത്.

Advertisements

21 ദിവസത്തെ ചികിത്സ കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇയാള്‍ വീണ്ടും ഇവിടെ എത്തുമെന്നായിരുന്നു ഡോക്ടര്‍മാരുടെ കമന്റ്. എന്നാല്‍ അവരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് മദ്യപാനത്തില്‍ നിന്ന് തിരിഞ്ഞു നടക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞു.

മികച്ച പി.ടി.എ യ്ക്കുള്ള അവാര്‍ഡു നേടിയ ഒരു പി.ടി.എ. പ്രസിഡന്റുമുണ്ടായിരുന്നു അനുഭവങ്ങള്‍ വിവരിക്കാന്‍. ജീവിതം മദ്യത്തില്‍ മുങ്ങിയ നാളുകളില്‍ മക്കള്‍ക്ക് സ്കൂളില്‍ തലയുയര്‍ത്തി നടക്കാനാവാതായി. അതു തിരിച്ചറിഞ്ഞ് സ്വയം ചികിത്സയ്ക്കൊരുങ്ങുകയായിരുന്നു അദ്ദേഹം.

സെറിബ്രല്‍ പാള്‍സി ബാധിച്ച പെണ്‍കുഞ്ഞിനെ മടിയിലിരുത്തിയാണ് പയ്യാനക്കല്‍ സ്വദേശിയായ യുവതി അനുഭവങ്ങള്‍ പങ്കുവച്ചത്. കുട്ടിയുടെ അസുഖത്തിന്റെ പേരിലായിരുന്നു ഭര്‍ത്താവ് കുടിച്ചു തുടങ്ങിയത്. ദുരിതങ്ങളില്‍ ഒറ്റപ്പെട്ടു പോയ നാളുകള്‍. മോചനത്തിലെ ചികിത്സ കഴിഞ്ഞ് നാലു വര്‍ഷമായി. ഭര്‍ത്താവ് ഇപ്പോള്‍ ജോലിക്ക് പോയി കുടുംബം നോക്കുന്നു. താമസിച്ചിരുന്ന ഷെഡ്ഡില്‍ നിന്ന് ചെറിയൊരു വീടുവച്ച്‌ മാറി. പഴയ ഷാപ്പും കൂട്ടുകാരുമൊക്കെ ഇപ്പോഴും അവിടെത്തന്നെ ഉണ്ടെങ്കിലും അതൊന്നും ഭര്‍ത്താവിനെ പ്രലോഭിപ്പിക്കുന്നില്ലെന്ന് അവര്‍ പറഞ്ഞു.

ചുറ്റും രോഗാണുക്കളുണ്ടെങ്കിലും എല്ലാവരും രോഗികളാവാത്തത് ചിലര്‍ക്ക് രോഗം ചെറുക്കാനുള്ള പ്രതിരോധ ശക്തികൊണ്ടാണെന്ന് മോഡറേറ്ററായ ഡോ. സന്ദേശ് വിശദീകരിച്ചു. സബ് ജഡ്ജ് ആര്‍.എല്‍.ബൈജു കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ സി.കെ.ശ്രീപ്രിയ പരിപാടിയെ കുറിച്ച്‌ വിശദീകരിച്ചു. ഡോ. ശിവദാസ് സ്വാഗതവും സ്റ്റാഫ് നഴ്സ് സതി നന്ദിയും പറഞ്ഞു. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ബോധവല്‍ക്കരണ കലാപരിപാടികളുമുയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *