ബോംബ് ഭീഷണി തുടർന്ന് റെയില്‍വേ സ്റ്റേഷനില്‍ വൻ സുരക്ഷാ സന്നാഹമൊരുക്കി പോലീസ്

കോഴിക്കോട്: തീവണ്ടിക്ക് ബോംബ് വെക്കുമെന്ന് തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് ഫോണില്‍ ഭീഷണി. ഇതിന്റെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ തീവണ്ടികള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു. എട്ടരയ്ക്കാണ്
എറണാകുളം നിസാമുദ്ദീന്‍ മംഗള എക്സ്‌പ്രസിന് ബോംബ് ഭീഷണിയുണ്ടായത്. വൈകീട്ട് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്ബോള്‍ ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം. വ്യാജ ബോംബ് ഭീഷണിയുണ്ടായതിനെത്തുടര്‍ന്ന് മംഗള എക്സ്‌പ്രസ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്ബോള്‍ വന്‍സുരക്ഷാ സന്നാഹമൊരുക്കിയിരുന്നു.

തുടര്‍ന്ന് മംഗള ഉള്‍പ്പെടെയുള്ള തീവണ്ടികളില്‍ റെയില്‍വേ പോലീസിന്റെയും റെയില്‍വേ പ്രൊട്ടക്‌ഷന്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ പരിശോധന നടന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നീ വിഭാഗങ്ങളും ഉണ്ടായിരുന്നു. സായുധരായ റെയില്‍വേ പ്രൊട്ടക്‌ഷന്‍ സ്പെഷ്യല്‍ ഫോഴ്‌സിനെയും വിന്ന്യസിച്ചിരുന്നു. ആര്‍.പി.എഫ്. ഇന്‍സ്പെക്ടര്‍ മിലന്‍ ഡിഗോള, ആര്‍.പി.എഫ്.എസ്.ഐ. നിഷാന്ത് എന്നിവര്‍ സുരക്ഷയ്ക്ക് നേതൃത്വം നല്‍കി.

മലപ്പുറം കോട്ടക്കുന്ന് സ്വദേശിയുടെ ദിവസങ്ങള്‍ക്ക് മുമ്ബ് മോഷണംപോയ ബി.എസ്.എന്‍.എല്‍. സിം ഉപയോഗിച്ചാണ് ഫോണ്‍ ചെയ്തത്. ഇയാള്‍ ഇതുവരെ പരാതി നല്‍കാത്തതിനാല്‍ സിം കാര്‍ഡ് ബി.എസ്.എന്‍.എല്‍. അധികൃതര്‍ റദ്ദാക്കിയിരുന്നുമില്ല. പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചയാള്‍ അദ്ദേഹത്തിന്റെ ബന്ധുക്കളെ ആരെയും ഈ സിം കാര്‍ഡ് ഉപയോഗിച്ച് വിളിച്ചിട്ടില്ല.

അറിയപ്പെടാത്ത ഫോണ്‍ നമ്ബറുകളിലേക്ക് വിളിച്ച് സ്ത്രീകളാണെങ്കില്‍ തുടര്‍ന്ന് സംസാരിച്ചുകൊണ്ടേയിരിക്കുകയെന്നതാണ് ഇയാളുടെ ശൈലിയെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ വിളിച്ച ഫോണ്‍ നമ്ബറുകള്‍ കണ്ടെത്തി പോലീസ് പരിശോധന തുടരുകയാണ്. അപരിചിതമായ ഫോണ്‍ നമ്ബറുകളായതിനാല്‍ വിളിച്ചയാള്‍ക്കും ഫോണ്‍ എടുത്തയാള്‍ക്കും പരസ്പരം ആളെ അറിയുകയുമില്ല. അതിനാല്‍ ആളെ അന്വേഷണഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണ്.
