ഫാർമസിസ്റ്റുകളെ ഒഴിവാക്കുന്നതിനെതിരെ പ്രതിഷേധ സമരം

കൊയിലാണ്ടി: സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്ക് കീഴിൽ വരുന്ന സബ് സെൻ്ററുകളെ ഹെൽത്ത് ആൻ്റ് വെൽനെസ് സെൻറുകൾ ആയി ഉയർത്തുമ്പോൾ അവിടങ്ങളിലേക്ക് മരുന്ന് വിതരണത്തിന്നും മറ്റുമായി നിയമിക്കപ്പെടുന്ന മിഡ് ലെവൽ സർവ്വീസ് പ്രൊവൈഡർ തസ്തികയിലേക്ക് ഫാർമസിസ്റ്റുകളെ പൂർണ്ണമായും ഒഴിവാക്കുന്നതിനെതിരെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവർക്ക് പ്രതിഷേധ പോസ്റ്റ് കാർഡ് അയക്കൽ സമരം നടത്തി.

5400 തസ്തികകളിൽ 1603 തസ്തികകളാണ് ഇപ്പോൾ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ബി.എസ്സ്.സി.നഴ്സുമാരെ മാത്രം നിയമിക്കാനുള്ള തീരുമാനമാണ് കൈ കൊണ്ടത്. ഈ നീക്കം തികഞ്ഞ പ്രതിഷേധാർഹമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെ.പി.പി.എ) ആരോപിച്ചു. ഈ തസ്തികയിൽ ഫാർമസിസ്റ്റുകളെ കൂടെ ഉൾപ്പെടുത്തണമെന്നാണ് നാഷണൽ ഹെൽത്ത് പോളിസിയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത് .
B. pharm , M. pharm, Pharm D എന്നീ ബിരുദവും, ബിരുദാനന്തര ബിരുദവും കഴിഞ്ഞ ധാരാളം ഫാർമസിസ്റ്റുകൾ തൊഴിൽ രഹിതരായി ഇരിക്കുമ്പോൾ സബ്സെൻററുകളിൽ മരുന്ന് വിതരണവും മറ്റ് പ്രവർത്തനങ്ങളും നടത്തുന്നതിൽ നിന്നും ഫാർമസിസ്റ്റുമാരെ ഒഴിവാക്കുന്നത് അംഗീകരിക്കാവുന്നതല്ലെന്നും നാഷണൽ ഹെൽത്ത് പോളിസിയിൽ നിർദ്ദേശിച്ച മുഴുവൻ വിഭാഗങ്ങളെയും ഉൾപ്പെടുത്തി എഴുത്തുപരീക്ഷ നടത്തിയാണ് യോഗ്യരായവരെ തെരഞ്ഞെടുക്കേണ്ടതെന്നും അസോസിയേഷൻ അറിയിച്ചു.

കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന സമരം കെ.പി.പി.എ ജില്ലാ ട്രഷറർ എ. ശ്രീശൻ ഉത്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് അശ്വതി, പി. നായർ, അനിൽകുമാർ കീഴരിയൂർ, അരുൺ, ആര്യ എസ്. മനോജ് എന്നിവർ നേതൃത്വം നൽകി.

