പൗരത്വ നിയമ ഭേദഗതി: വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും റാലിയും നടത്തി

കോഴിക്കോട്: ദേശീയപൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും ഫാറൂഖ് കോളേജ്, മെഡിക്കല്‍കോളേജ്, ഐ.ഐ.എം, എന്‍.ഐ.ടി. എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമവും റാലിയും നടത്തി.
മിഠായിത്തെരുവില്‍ നിന്ന് കോഴിക്കോട് ബീച്ചിലേക്ക് നടത്തിയ പ്രതിഷേധ റാലിയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അണിനിരന്നു. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി യൂണിയന് ചെയര്മാന് രാഹുല്‍ രാജീവ്, ഫാറൂഖ് കോളേജ് ജനറല്‍സെക്രട്ടറി അദ്നാന് അലി, എന്‍.ഐ.ടി. യൂണിയന് പ്രതിനിധി ബിബിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

മുഖദാര്‍ സിയസ്കോ കോളേജും ഐ.ടി.ഐ. വിദ്യാര്‍ഥികളും ചേര്‍ന്ന് മുഖദാറില്‍നിന്ന് കുറ്റിച്ചിറയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. അധ്യാപകന് സി. നിഖില്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. അക്ബര്‍ സാജു കിണാശ്ശേരി അധ്യക്ഷനായി. സമരസമിതി സെക്രട്ടറി സായിദ് അബു മിന്‍ഹജ്, കെ.പി. ശലീക്ക്, ഷര്‍ഫാസ് കുറ്റിയില്‍ത്താഴം തുടങ്ങിയവര്‍ നേതൃത്വം നല്കി.

അഭിഭാഷകരുടെ നേതൃത്വത്തില്‍ ജില്ലാ കോടതിയില്‍നിന്ന് കിഡ്സണ്‍ കോര്‍ണറിലേക്ക് പ്രതിഷേധറാലി നടത്തി. തുടര്‍ന്ന് നടന്ന യോഗത്തില്‍ സി.എം. ഷംസീര്‍, ഒ.എം. ഭരദ്വാജ്, കെ.പി. അശോക് കുമാര്‍, എ.വി. അന്‍വര്‍, ലാല്‍ കിഷോര്‍, സി. സുഗതന് തുടങ്ങിയവര്‍ സംസാരിച്ചു.

മലബാര്‍ മേഖലാ ആര്‍ട്ടിസ്റ്റ് ഫാമിലി വാട്സാപ്പ് സംഗീത കൂട്ടായ്മയുടെ നേതൃത്വത്തില്‍ പാട്ടുപാടി മാനാഞ്ചിറ കിഡ്സണ്‍ കോര്‍ണറില്‍ പ്രതിഷേധിച്ചു. നടന് വിനോദ് കോവൂര്‍ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ബാപ്പു വെള്ളിപറമ്ബ്, സലീഷ് കോഴിക്കോട്, കൊല്ലം ഷാഫി, ഫാസില ബാനു, അനൂപ് ഫറോക്ക്, ജിത്തു കലാഭവന്‍ എന്നിവര്‍ പാട്ടുകള്‍ പാടി പ്രതിഷേധിച്ചു.
എസ്.യു.സി.ഐ. (കമ്യൂണിസ്റ്റ്) നഗരത്തില്‍ പ്രതിഷേധ റാലിയും പ്രകടനവും നടത്തി. ജില്ലാ സെക്രട്ടറി എ. ശേഖര്‍ ഉദ്ഘാടനം ചെയ്തു. എം.കെ. രാജന്, പോള്‍ ടി. സാമുവല്‍ എന്നിവര്‍ സംസാരിച്ചു. പി.എം. ശ്രീകുമാര്‍, പി.കെ. തോമസ്, കെ.എസ്. ഹരിദാസന് എന്നിവര്‍ നേതൃത്വം നല്കി.
കെ.പി.എസ്.ടി.എ. കോഴിക്കോട് സിറ്റി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമവും സമൂഹ ചിത്രരചനയും ആര്യാടന് ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ടി. അശോക് കുമാര്‍, കെ.വി. ജിജേഷ്, ടി. നാസര്‍, രമേശ് കാവില്‍, ഗുരുകുലം ബാബു, ടി. മനോജ് കുമാര്‍, ബി. ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.
രാജ്യത്തെ പൗരന്മാരെ വേര്‍തിരിക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരേ സമരരംഗത്തുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കോഴിക്കോട്ടെ പത്രപ്രവര്‍ത്തക കൂട്ടായ്മയും രംഗത്തെത്തി. ഇന്ത്യ മതരാജ്യമല്ലെന്ന പ്ലക്കാര്‍ഡുകളുമായി മുതലക്കുളത്തുനിന്ന് ആരംഭിച്ച പ്രകടനം പാളയം വഴി മിഠായിത്തെരുവില്‍ സമാപിച്ചു.
