KOYILANDY DIARY

The Perfect News Portal

പെരുവയല്‍ പാടശേഖരത്തില്‍പ്പെട്ട നെല്‍വയലില്‍ വീണ്ടും കുഴി നിര്‍മ്മിച്ചതായി പരാതി

കുറ്റ്യാടി: വേളം പഞ്ചായത്തിലെ പെരുവയല്‍ പാടശേഖരത്തില്‍പ്പെട്ട നെല്‍വയലില്‍ വീണ്ടും കുഴി നിര്‍മ്മിച്ചതായി പരാതി. നൂറ്റി അമ്പതിലധികം ഹെക്ടര്‍ വരുന്ന പാടശേഖരത്തിന്റെ മധ്യത്തിലാണ് വലിയ ആഴത്തിലും വീതിയിലുമായി സ്വകാര്യവ്യക്തി കുഴി നിര്‍മ്മിച്ചിരിക്കുന്നത്.ഇന്നലെ രാത്രിയാണ് ജെ.സി.ബി ഉപയോഗിച്ചുള്ള കുഴി നിര്‍മ്മാണം നടന്നത്.

നിരവധി ചെറുകിട കര്‍ഷകര്‍ നെല്‍കൃഷി ചെയ്തുവരുന്ന പാടശേഖരമാണിത്. കഴിഞ്ഞവര്‍ഷം ഇവിടെ കുഴി എടുക്കാനുള്ള നീക്കം കര്‍ഷകരുടെ ഇടപെടലിനെ തുടര്‍ന്ന് റവന്യൂ – കൃഷി വകുപ്പ് അധികൃതര്‍ തടഞ്ഞിരുന്നു. സ്ഥലമുടമയ്ക്ക് നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ വേളം വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

ജില്ലയിലെ പ്രധാനപ്പെട്ട നെല്ലുല്‍പാദന കേന്ദ്രമായ പെരുവയല്‍ പാടശേഖരത്തില്‍ നെല്‍കൃഷി വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഒന്നര കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനം നടന്നു വരികയാണ്. ഇതിനിടയിലാണ് സ്വകാര്യ വ്യക്തിയുടെ കുഴി നിര്‍മ്മാണം. കുഴിയില്‍ നിന്ന് എടുത്ത മണ്ണ് വയലില്‍ തന്നെയാണ് നിക്ഷേപിച്ചിരിക്കുന്നത്. പാടശേഖരത്തിന്റെ മധ്യത്തിലായി വലിയ കുഴി നിര്‍മ്മിച്ചതോടെ നെല്‍കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. വെള്ളം മുഴുവനും കുഴിയിലേക്ക് ഊര്‍ന്നിറങ്ങി വയല്‍ വറ്റിവരളും.

Advertisements

റവന്യൂ- കൃഷി വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച്‌ ജില്ലാ കലക്ടര്‍ക്കും ആര്‍.സി.ഒവിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ വേളം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. എം.വി ജനാര്‍ദ്ദനന്‍ അദ്ധ്യക്ഷത വഹിച്ചു.കന്മന നാണു, എന്‍.കെ വിശ്വനാഥന്‍, സി.കെ ശങ്കരന്‍, എന്‍.കെ രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *