KOYILANDY DIARY.COM

The Perfect News Portal

പുരാതന കുളമെന്നു കരുതുന്ന നീര്‍ത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം

കോഴിക്കോട്: മണക്കടവ് കുന്നംകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം പുരാതന കുളമെന്നു കരുതുന്ന നീര്‍ത്തടം മണ്ണിട്ട് നികത്തുന്നതിനെതിരെ പ്രതിഷേധം. നാട്ടുകാര്‍ ഒപ്പ് ശേഖരണം നടത്തി കളക്ടര്‍ക്ക് പരാതി നല്‍കി.
ഒളവണ പഞ്ചായത്തിലെ മണക്കടവിലാണ് ക്ഷേത്രവും നീര്‍ത്തടവും. പൊതുവേ വരണ്ട കുന്നിന്‍ പ്രദേശമായ മണക്കടവിലെ ജലക്ഷാമത്തിന് ഈ നീര്‍ത്തടം നവീകരിച്ചാല്‍ തന്നെ പരിഹാരമാവും. എന്നാല്‍ അതിനു പകരം മണ്ണിട്ട് മൂടാനാണ് ചിലര്‍ ശ്രമിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഈ നീര്‍ത്തടം നവീകരിക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുമ്ബോഴും പല തടസ്സങ്ങളും ഉയര്‍ന്നുവന്നു.

പരാതി നല്‍കിയെങ്കിലും ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്ന് ഒപ്പുശേഖരണത്തിന് നേതൃത്വം നല്‍കിയ ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ പറയുന്നു. കുടിവെള്ള സ്രോതസ്സും ആരാധനാലയവും സംരക്ഷിക്കുമെന്ന നിലപാടിലാണ് നാട്ടുകാര്‍.
നികത്തിയ നീര്‍ത്തടം 28 സെന്റാണ്. ഇത് സാമൂതിരി പെരുമണ്ണ ദേവസ്വം സ്ഥലമായാണ് നികുതി സ്വീകരിച്ചട്ടുള്ളത്. പന്തീരാങ്കാവിനടുത്ത കുന്നംകുളങ്ങര ക്ഷേത്രം, ചെന്നാംകുന്നു ശിവ ക്ഷേത്രം എന്നിവ പുരാതന ക്ഷേത്രങ്ങളാണ്. അറപുഴതീരത്തെ ഈ ക്ഷേത്രം ഇപ്പോള്‍ നവീകരിക്കുന്നുണ്ട്. ആദ്യകാലത്തെ കുന്നംകുളങ്ങര മഹാവിഷ്ണു ക്ഷേത്രം ടിപ്പുവിന്റെ അക്രമണകാലത്ത് നാമാവശേഷമായിരുന്നു.ഇതിന്റെ ചുറ്റുമതിലും കുളക്കടവ് പടവുകളും ഫാറൂക്ക് കോട്ട കെട്ടാന്‍ അറപ്പുഴയിലൂടെ പൊളിച്ച്‌ കടത്തിയതായി കേട്ടിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹിയായിരുന്ന തുമ്ബോളി ശ്രീധരന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *