പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിനെ പോളിടെക്നിക് ആക്കാന്‍ പഠനറിപ്പോര്‍ട്ട് തേടി മന്ത്രി ഡോ. ആര്‍ ബിന്ദു
കൊയിലാണ്ടി: പയ്യോളി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിനെ പോളിടെക്നിക് കോളേജാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠന റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍ ബിന്ദു. നിയമസഭയില്‍ കാനത്തില്‍ ജമീല എം.എല്‍.എ.യുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഹൈസ്‌കൂളിനെ പോളിടെക്നിക്കായി ഉയര്‍ത്താന്‍ 2011-12 വര്‍ഷത്തില്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു. നിര്‍ദ്ദേശം പരിഗണിക്കേണ്ടതില്ലെന്ന് അന്നത്തെ സര്‍ക്കാര്‍ തീരുമാനിച്ചതാണ്.


എന്നാല്‍, കൊയിലാണ്ടി മണ്ഡലത്തിലെ സാങ്കേതികവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തത എംഎല്‍എ ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ഗവ. പോളിടെക്നിക്ക് കോളേജ് പ്രിന്‍സിപ്പലിനെ റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക്, സര്‍ക്കാരിന്റെ ധനസ്ഥിതികൂടി പരിഗണിച്ച് തുടര്‍നടപടിയുണ്ടാകുമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.


