നടുവണ്ണൂരിൽ സ്റ്റീൽഫാക്ടറി പ്രവർത്തനമാരംഭിച്ചു
നടുവണ്ണൂർ: പ്രവാസികളുടെ കൂട്ടായ്മയിൽ നടുവണ്ണൂരിൽ സ്റ്റീൽഫാക്ടറി പ്രവർത്തനമാരംഭിച്ചു. തിക്കോടിക്കാരായ 207 പ്രവാസികളാണ് 18 കോടി രൂപ മുതൽ മുടക്കി നടുവണ്ണൂരിലെ മന്ദങ്കാവിൽ ജി.ടി.എഫ്. സ്റ്റീൽ ആൻഡ് ട്യൂബ് സംരംഭം തുടങ്ങിയത്. ഏഴ് ഗൾഫ്നാടുകളിൽ ജോലിചെയ്തവർ ചേർന്ന് ഗ്ലോബൽ തിക്കോടിയൻ ഫോറം (ജി.ടി.എഫ്.) രൂപവത്കരിച്ചാണ് വ്യവസായത്തിന് ഇറങ്ങിയത്.

മന്ദങ്കാവിൽ പ്രവർത്തിക്കുന്ന സിപ്‌കോ ടെക്‌സ്റ്റൈൽസിൻ്റെ കീഴിലുള്ള ഒരേക്കർ സ്ഥലം 25 വർഷത്തേക്ക് വാടകയ്ക്കെടുത്താണ് 2018-ൽ നിർമാണശാലയ്ക്ക് തുടക്കം കുറിച്ചത്. കെട്ടിടത്തിനു മാത്രം രണ്ടുകോടി ചെലവിട്ടു. ഇൻഡോർ, ഗാന്ധിനഗർ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് യന്ത്രസാമഗ്രികളും എത്തിച്ചു. സ്ക്വെയർ, റൗണ്ട് ജി.ഐ. പൈപ്പുകളാണ് പ്രാരംഭ ഘട്ടത്തിൽ നിർമിക്കുന്നത്. ഐ.എസ്.ഒ. അംഗീകാരത്തോടെ ജി.ടി.എഫ്. ബ്രാൻഡ് പൈപ്പ് വിപണിയിൽ ഇറങ്ങി. ജി.ടി.എഫ്. ഫാക്ടറിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു.


പ്രാദേശികമായി നടന്ന ചടങ്ങിൽ എം.എൽ.എ.മാരായ കാനത്തിൽ ജമീലയും സച്ചിൻദേവും ചേർന്ന് വെബ്‌സൈറ്റ് പുറത്തിറക്കി. സച്ചിൻദേവ് അധ്യക്ഷനായി. എം.കെ. രാഘവൻ എം.പി, നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡജന്റ് ടി.പി. ദാമോദരൻ, തിക്കോടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ജലീൽ, സിപ്‌കോ ചെയർമാൻ പി.കെ. മുകുന്ദൻ, ജി.ടി.എഫ്. ചെയർമാൻ മുഹമ്മദ് ബഷീർ, അബ്ദുറഹിമാൻ പുറക്കാട്. വി.കെ. അബ്ദുൾ ലത്തീഫ് തിക്കോടി, മജീദ് തണൽ തുടങ്ങിയവർ സംസാരിച്ചു.

