തീരദേശ റോഡുകൾ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: തീരദേശ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ 3 റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. ഓൺലൈനിൽ നടന്ന ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ്റെ അധ്യക്ഷതയിൽ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സികുട്ടി അമ്മ നിർവഹിച്ചു. വിവിധ മന്ത്രിമാരും ഓൺലൈനിൽ സംബന്ധിച്ചു.

- 29 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച മൂടാടി നമ്പോലന്റെവിട വാഴവളപ്പിൽ ക്ഷേത്രം റോഡ്,
- 52 ലക്ഷം രൂപ ചെലവഴിച്ച കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡ്,
- 25 ലക്ഷം രൂപ ചെലവഴിച്ച കൊയിലാണ്ടി ബീച്ച് ഈറ്റത്തോട് നടപ്പാത എന്നീ പ്രവൃത്തികളുടെ ഉദ്ഘാടനമാണ് നടന്നത്.
കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിന് സമീപം നടന്ന നിയോജക മണ്ഡലത്തിലെ പരിപാടിയിൽ കെ.ദാസൻ എം.എൽ.എ, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, കൗൺസിലർമാരായ വി.പി. ഇബ്രാഹിംകുട്ടി, റഹ്മത്ത് കെ.ടി.വി, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനീയർ രേഷ്മ എന്നിവർ പങ്കെടുത്തു.


