ജര്‍മന്‍ യുവതിയെ കാണാതായ സംഭവം: വടക്കന്‍ കേരളത്തിലെ മതപരിവര്‍ത്തന കേന്ദ്രങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിനായുള്ള (31) അന്വേഷണം ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസിന് ഇവരെപ്പറ്റി യാതൊരു സൂചനയുമില്ല. കഴിഞ്ഞ മാര്‍ച്ച് 7ന് തിരുവനന്തപുരത്തു വിമാനമിറങ്ങിയ ലിസയെക്കുറിച്ച് പിന്നീട് സൂചനകളൊന്നും ലഭിക്കാത്തതിനാല്‍ അമ്മ ജര്‍മന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയതോടെയാണ് യുവതിയുടെ തിരോധാനത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. ലിസയോടൊപ്പം കേരളത്തിയ മുഹമ്മാലി എന്ന യുവാവ് തിരികെ യു.കെയിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. അതേസമയം എയര്‍പോര്‍ട്ടുകളും എയര്‍ലൈന്‍സ് കമ്ബനികളും കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ലിസ മടങ്ങിപ്പോയിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
യുവതിയുടെ തിരോധാനത്തെ തുടര്‍ന്ന് സമൂഹമാദ്ധ്യമങ്ങളിലടക്കം പൊലീസ് പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മൂന്ന് ദിവസത്തിനപ്പുറവും വിശ്വസനീയമായ യാതൊരു വിവരവും ലഭിക്കാത്തത് പൊലീസിനെ കുഴക്കുന്നു. അമൃതപുരിയില്‍ സന്ദര്‍ശനം നടത്തുവാനായിട്ടാണ് കേരളത്തിലെത്തിയതെന്ന് രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പൊലീസ് അന്വേഷണത്തില്‍ അവിടെ എത്തിയിട്ടില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. അതേ സമയം യുവതി ഇസ്ലാം മതത്തിനോട് ആഭിമുഖ്യം കാണിച്ചിരുന്നതായും, ജര്‍മനിയില്‍ യുവതി മുസ്ലീം കൂട്ടായ്മയുടെ ഭാഗമായിട്ടാണ് ജീവിച്ചിരുന്നതെന്ന വിവരം പൊലീസിന് ലഭിച്ചതായി വിവരമുണ്ട്. ഇതേ തുടര്‍ന്ന് വടക്കന്‍ കേരളത്തിലെ മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ യുവതിയെത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ യുവതിക്കായി അന്വേഷണം നടത്താന്‍ പൊലീസിനോട് അന്വേഷണ സംഘം നിര്‍ദ്ദേശിച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

യുവതിയെ കാണാതായതും പൊലീസ് അന്വേഷണം മുറുകുന്നതും സംബന്ധിച്ച് വാര്‍ത്തകളിലും സമൂഹ മാദ്ധ്യമങ്ങളിലും വിവരങ്ങള്‍ പ്രചരിച്ചിട്ടും ഇവരെപ്പറ്റി സൂചന പൊലീസിന് ലഭിക്കാതെ പോകുന്നത് അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ യുവതിയ്ക്ക് രൂപമാറ്റം വരുത്തുകയോ ഏതെങ്കിലും താവളങ്ങളില്‍ അകപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്നതും അന്വേഷണ സംഘത്തെ കുഴയ്ക്കുന്ന കാര്യമാണ്. ലിസയോടൊപ്പം കേരളത്തിലെത്തുകയും പിന്നീട് തിരികെ പോകുകയും ചെയ്ത മുഹമ്മദാലിയില്‍ നിന്നും ലിസയുടെ കുടുംബാംഗങ്ങളില്‍ നിന്നും വിവരങ്ങള്‍ തേടാന്‍ അന്വേഷണ സംഘം ശ്രമം ആരംഭിച്ചിട്ടുണ്ട്. എംബസിയുടെ സഹായത്തോടെ ഇവരില്‍ നിന്ന് അറിയേണ്ട വിവരങ്ങള്‍ ചോദ്യാവലിയായി തയ്യാറാക്കി അന്വേഷണസംഘം അവര്‍ക്ക് കൈമാറും. കേരളത്തില്‍ അമൃതപുരിക്ക് പുറമേ സായിബാബ ആശ്രമത്തിലും, ഗോവയിലും സന്ദര്‍ശനം നടത്തണമെന്നാണ് യുവതിയുടെ യാത്രാ രേഖകളിലുള്ളത്, ഇതും അന്വേഷണസംഘം പരിശോധിക്കുമെന്ന് പൊലീസ് വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്.

