KOYILANDY DIARY.COM

The Perfect News Portal

ജനകീയ വിപ്ലവത്തിന് തടസ്സം നില്‍ക്കുന്നെന്നു പറഞ്ഞാണ് മാവോവാദികള്‍ സി.പി.എം. പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്നത്: സീതാറാം യെച്ചൂരി

കോഴിക്കോട്: സായുധപോരാട്ടമാണ് ഇന്ത്യന്‍ വിപ്ലവമാര്‍ഗമെന്നു ധരിച്ച മാവോവാദികള്‍ ഏറ്റവും കൂടുതല്‍ വെടിവെച്ചുകൊന്നിട്ടുള്ളത് സി.പി.എം. പ്രവര്‍ത്തകരെയാണെന്ന് സി.പി.എം. ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപവത്കരണത്തിന്റെ നൂറാംവാര്‍ഷികത്തിന്റെ ഭാഗമായി സി.പി.എം. ജില്ലാ കമ്മിറ്റി ടാഗോര്‍ഹാളില്‍ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

ജനകീയവിപ്ലവത്തിന് തടസ്സം നില്‍ക്കുന്നെന്നു പറഞ്ഞാണ് മാവോവാദികള്‍ സി.പി.എം. പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യുന്നതെന്ന് യെച്ചൂരി പറഞ്ഞു. സ്വതന്ത്ര ഇന്ത്യയില്‍ പാര്‍ലമെന്റിലും പുറത്തുമുള്ള പോരാട്ടങ്ങളിലൂടെയേ സോഷ്യലിസം യാഥാര്‍ഥ്യമാക്കാനാവൂ എന്നാണ് സി.പി.എമ്മിന്റെ കാഴ്ചപ്പാട്. സായുധവിപ്ലവം ഇന്ത്യയിലെ കമ്യൂണിസ്റ്റ് രീതിയല്ല.

രക്തസാക്ഷികളും ത്യാഗികളുമില്ലാത്തതിനാലല്ല ഇന്ത്യയില്‍ സോഷ്യലിസം വരാതെ പോയത്. മൂര്‍ത്തസാഹചര്യങ്ങള്‍ മൂര്‍ത്തമായി വിശകലനം ചെയ്യണമെന്ന മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് രീതി പ്രയോഗിക്കുന്നതിലെ പിഴവുകളാണ് അതിനുകാരണം. ഇന്ത്യന്‍ ഭരണവര്‍ഗത്തെയും സമൂഹത്തെയും വിശകലനം ചെയ്യുന്നതിലും സോഷ്യലിസത്തിലേക്കുള്ള പാത നിര്‍ണയിക്കുന്നതിലും പിഴവുണ്ടായി. സ്വതന്ത്ര ഇന്ത്യയെ ഹിന്ദുത്വരാജ്യമാക്കാന്‍ ശ്രമിച്ച ആര്‍.എസ്.എസ്. ആ അജന്‍ഡ അതിശക്തമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഭരണഘടനാസ്ഥാപനങ്ങളും ഭരണഘടനതന്നെയും തകര്‍ക്കുന്നു. അതിനെയെല്ലാം ചെറുത്ത് മതേതരജനാധിപത്യ ഇന്ത്യയെ വീണ്ടെുക്കാന്‍ ഇടതുപക്ഷത്തിനേ കഴിയൂ. അതിനുശേഷമേ രാജ്യത്തെ സോഷ്യലിസത്തിലേക്കു നയിക്കാനാവൂ -യെച്ചൂരി പറഞ്ഞു.

Advertisements

സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനന്‍ അധ്യക്ഷനായി. കേളു ഏട്ടന്‍ പഠനഗവേഷണകേന്ദ്രം ഡയറക്ടര്‍ കെ.ടി. കുഞ്ഞിക്കണ്ണന്റെ ‘മാവോയിസം, യു.എ.പി.എ., ഇടതുപക്ഷ സമീപനം’ എന്ന പുസ്തകം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ്‌റിയാസിനു നല്‍കി യെച്ചൂരി പ്രകാശനം ചെയ്തു. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം എം.പി., ടി.പി. ദാസന്‍, എം. മെഹബൂബ്, കെ. കുഞ്ഞമ്മദ്, പി. വിശ്വന്‍, കെ.പി. കുഞ്ഞമ്മദ് കുട്ടി, സി. ഭാസ്കരന്‍, മാമ്ബറ്റ ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. റെഡ് വൊളന്റിയര്‍മാരുടെ ഗാര്‍ഡ് ഓഫ് ഓണറില്‍ സീതാറാം യെച്ചൂരി അഭിവാദ്യം സ്വീകരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *