ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തയാള്‍ പിടിയില്‍

ബെംഗളുരു: കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനുനേരെ വെടിയുതിര്‍ത്തയാള്‍ പിടിയില്‍. മഹാരാഷ്ട്രയില്‍നിന്നാണ് ഇയാളെ കര്‍ണാടക പോലീസ് പിടികൂടിയത്. എന്നാല്‍ ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് ലഭ്യമായ സിസിടിവി ദ്യശ്യങ്ങളിലെ പ്രതികളിലൊരാളുമായി സാമ്യമുള്ളയാളാണ് പിടിയിലായതെന്നാണ് സൂചന. ഗൗരി ലങ്കേഷിനെ വധിച്ച അതേ തോക്കുപയോഗിച്ചാണ് എഴുത്തുകാരനും പണ്ഡിതനുമായ എംഎം കല്‍ബുര്‍ഗിയേയും വധിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു.

2017 സെപ്തംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ അവരുടെ വസതിയില്‍ വെടിയേറ്റ് മരിച്ചത്. ഇതിന് രണ്ട് വര്‍ഷം മുമ്ബ് 2015 ആഗസ്ത് 30ന് ആണ് കല്‍ബുര്‍ഗി വെടിയേറ്റ് കൊല്ലപ്പെട്ടത്. ഗൗരി ലങ്കേഷിന്റെ ശരീരത്തില്‍ നിന്ന് മൂന്ന് വെടിയുണ്ടകളും കല്‍ബുര്‍ഗിയുടെ ശരീരത്തില്‍ നിന്ന് രണ്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയിരുന്നത്.

