KOYILANDY DIARY

The Perfect News Portal

ഗുരു ചേമഞ്ചേരിക്ക് ഉചിതമായ സ്മാരകം പണിയും: കാനത്തിൽ ജമീല എംഎൽഎ

കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നൂറ്റി ആറാം ജന്മദിനത്തിൽ കഥകളി വിദ്യാലയം ജന്മ സ്മൃതി പരിപാടി സംഘടിപ്പിച്ചു. ഓൺലൈനായി നടന്ന പരിപാടിയുടെ ഉദ്ഘാടനം സംസ്ഥാന വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഒരു ജന്മം മുഴുവൻ കലാസപര്യയ്ക്കു വേണ്ടി ഉഴിഞ്ഞ് വെച്ച് മാതൃക കാണിച്ച മഹാനായ കലാകാരനായിരുന്നു പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ എന്ന് അദ്ദേഹം ഓർമ്മിച്ചു. ഗുരുവിന് പകരം വെക്കാൻ അതുപോലെ മറ്റൊരാൾ ഇനിയുമുണ്ടാകുമോ എന്നു പറയാനാവില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കഥകളിയുടെ വടക്കൻ ചിട്ടയുടെ പ്രചാരകനായ ഗുരു കലാകാരനെന്നതിലുപരി ഈ ലോകം മുഴുവൻ  മാതൃകയാക്കേണ്ട എളിയ ജീവിതം നയിച്ച മഹാനായിരുന്നുവെന്ന് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തിയ വടകര എം പി കെ മുരളീധരൻ പറഞ്ഞു. 

കലാകേരളത്തിന് ഗുരു നൽകിയ മഹത്തായ സേവനത്തെ വിലമതിക്കുന്ന ഒരു സ്മാരകം ജന്മഗ്രാമത്തിൽ തന്നെ നിർമ്മിക്കുമെന്ന് കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല പ്രഖ്യാപിച്ചു. ഗുരുവിൻ്റെ നൂറ്റി ആറാം പിറന്നാളിനോടനുബന്ധിച്ചു കഥകളി വിദ്യാലയം സംഘടിപ്പിച്ച  ജന്മസ്മൃതി പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷ ഭാഷണം നടത്തുകയായിരുന്നു അവർ. ഗുരുവിൻ്റെ കലാജീവിതത്തെ സ്മരിച്ചു കൊണ്ട്  പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാമണ്ഡലം ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. കഥകളി വിദ്യാലയം പ്രസിഡണ്ട് വിജയരാഘവൻ ചേലിയ സ്വാഗതവും, സിക്രട്ടരി പ്രശോഭ് ജ്യോതിസ് നന്ദിയും പറഞ്ഞു.     

രാവിലെ ഗുരുവിൻ്റെ ഗൃഹാങ്കണത്തിലെ സ്മൃതി മണ്ഡപത്തിൽ സാമൂഹിക – സാംസ്കാരിക പ്രവർത്തകർ ആദരാഞ്ജലികളർപ്പിച്ചു. തുടർന്ന്  കഥകളി വിദ്യാലയം ഹാളിൽ ഗുരുവിൻ്റെ ഛായാപടത്തിനു മുന്നിൽ  ജനപ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും കുടുംബാംഗങ്ങളും  പുഷ്പാർച്ചന നടത്തി. കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീല നേതൃത്വം നൽകിയ പരിപാടിയിൽ ഗുരുവിൻ്റെ സതീർഥ്യനും പ്രമുഖ തബല വാദകനുമായ ശിവദാസ് ചേമഞ്ചേരി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ്, മുനിസിപ്പൽ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ ടി എം കോയ, പഞ്ചായത്ത് അംഗങ്ങളായ ടി കെ മജീദ്, കെ എം മജു, പൂക്കാട് കലാലയം പ്രസിഡണ്ട് യു കെ രാഘവൻ, പ്രശോഭ് ജ്യോതിസ്, ശശി നന്ദനം തുടങ്ങിയവർ  ശ്രദ്ധാഞ്ജലി അർപ്പിച്ച്  സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *