KOYILANDY DIARY

The Perfect News Portal

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് രാഹുല്‍ ഗാന്ധി പത്രിക സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് എന്നിവരെ സന്ദര്‍ശിച്ച ശേഷമാണ് ഡല്‍ഹിയിലെ 24 അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി രാഹുല്‍ പത്രിക നല്‍കിയത്. പത്തൊമ്ബതു വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈകിട്ട് മുന്നര വരെയാണ് പത്രിക സമര്‍പ്പിക്കാനുള്ള സമയം.

എല്ലാ സംസ്ഥാന കമ്മിറ്റികളില്‍ നിന്നും രാഹുല്‍ ഗാന്ധിക്കായി പത്രികകള്‍ നല്‍കുന്നുണ്ട്. ഒരോ പത്രികയിലും പത്ത് വോട്ടര്‍മാരും സ്ഥാനാര്‍ഥിയും ഒപ്പിടണം. കഴിഞ്ഞ തവണ സോണിയാ ഗാന്ധി അദ്ധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ 56 സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ഇത്തവണ ഇതില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ നിന്ന് മൂന്ന് സെറ്റ് പത്രികയാണ് നല്‍കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷന്‍ എം.എം. ഹസന്‍ എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ ഇന്നലെ രാത്രി ദില്ലിയിലെത്തി. നാളെ നാമ നിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഉച്ചയ്ക്ക് മൂന്നരയ്ക്ക് സാധുവായ പത്രികകള്‍ നല്‍കിയവരുടെ പേരുകള്‍ പ്രഖ്യാപിക്കും. നില്‍വില്‍ രാഹുല്‍ ഗാന്ധിക്ക് പുറമേ വെറെ ആരെങ്കിലും മല്‍സരിക്കാന്‍ സാധ്യതയില്ല.

Advertisements

ഡിസംബര്‍ 11 ആണ് നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. രാഹുല്‍ ഗാന്ധി മാത്രമേ സ്ഥാനാര്‍ഥിയായി ഉള്ളൂവെങ്കിലും വിജയിയെ പ്രഖ്യാപിക്കുന്നത് 11 ന് മതിയെന്നാണ് ഇപ്പോഴത്തെ തീരുമാനം. എഐസിസി സമ്മേളനത്തിന് കാത്തിരിക്കാതെ പ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ രാഹുല്‍ ചുമതലയേല്‍ക്കാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *