KOYILANDY DIARY

The Perfect News Portal

2022 ഓടെ വയനാട് ഉള്‍പ്പെടെ 115 ജില്ലകളില്‍ പ്രത്യേക വികസന പദ്ധതികള്‍ നടപ്പാക്കും

ദില്ലി: രാജ്യത്തെ പിന്നാക്ക ജില്ലകളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്ന പ്രത്യേക പദ്ധതിയില്‍ വയനാടും. 2022 ഓടെ വയനാട് ഉള്‍പ്പെടെ 115 ജില്ലകളില്‍ പ്രത്യേക വികസന പദ്ധതികള്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി ജോയിക്കാണ് കേരളത്തില്‍ പദ്ധതിയുടെ ഏകോപന ചുമതല.

സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികമായ 2022ഓടെ രാജ്യത്ത് ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലകളെ മുന്‍നിരയിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. ഇതിനായി വയനാട് ഉള്‍പ്പെടെ 115 ജില്ലകളെയാണ് നീതി ആയോഗ് തിരഞ്ഞെടുത്തിട്ടുളളത്. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, വൈദ്യുതി വിതരണം, അടിസ്ഥാന സൗകര്യം തുടങ്ങിയ മേഖലകളിലെ പിന്നോക്കാവസ്ഥയാണ് ജില്ലകളെ തിരഞ്ഞെടുക്കുന്നതിനായി പരിഗണിച്ചത്.

ആദിവാസി മേഖലയിലെ പിന്നോക്കാവസ്ഥയാണ് വയനാടിന് പട്ടികയില്‍ ഇടം നല്‍കിയത്. സംസ്ഥാന സര്‍ക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും നിലവില്‍ നടപ്പാക്കുന്ന പദ്ധതികളുടെ വേഗം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

Advertisements

പദ്ധതികളുടെ സമയ ബദ്ധിതമായ നടത്തിപ്പിനായി അഡീഷണല്‍ ചീഫ് സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തലത്തിലുളള മുതിര്‍ന്ന ഉദ്യോഗസ്ഥനെ പ്രഭാരി ഓഫീസര്‍മാര്‍ എന്ന പേരില്‍ നിയോഗിച്ചതായും നീതി ആയോഗ് സി.ഇ.ഓ അമിതാഭ് കാന്ത് സംസ്ഥാനങ്ങള്‍ക്കയച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു.

കേരളത്തില്‍ ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി.ജോയിക്കാണ് പദ്ധതിയുടെ ഏകോപന ചുമതല. പദ്ധതിയുടെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായും വിശദമായ യോഗം ജനുവരി ആദ്യവാരം നടക്കുമെന്നും വയനാട് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *