കൊല്ലം-നെല്ല്യാടി- മേപ്പയ്യൂര്‍ റോഡ് വികസനം സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക് കടക്കുന്നു
കൊയിലാണ്ടി: കൊല്ലം-നെല്ല്യാടി -മേപ്പയ്യൂർ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നു. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്കും കെട്ടിടങ്ങൾക്കും കിഫ്ബിയിൽ നിന്നും നഷ്ടപരിഹാരം നൽകും. ഭൂമിയേറ്റെടുക്കലിന് ഉള്‍പ്പെടെ ഈ പദ്ധതിക്കായി കിഫ്ബി യിൽ നിന്നും 39 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നിർമ്മാണ മേൽനോട്ടം വഹിക്കുന്ന കെ.ആർ.എഫ്.ബി എഞ്ചിനീയർമാരുമായി ചേർന്ന് പദ്ധതിയുടെ അവലോകനവും സ്ഥല സന്ദർശനവും കാനത്തിൽ ജമീല എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നു. കൊയിലാണ്ടി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഭാഗത്തെ വികസനപദ്ധതിയുടെ രൂപരേഖ കൊയിലാണ്ടി നഗരസഭാ കൗൺസിൽ ഹാളിൽ വെച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
യോഗത്തിൽ കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത് മാസ്റ്റർ, കൗൺസിലർമാരായ കെ.എം. നന്ദനൻ, ശൈലജ, ഷീബ അരീക്കൽ, ലിൻസി, വി. രമേശൻ എന്നിവരും കേരള റോഡ് ഫണ്ട് ബോർഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് (കെ.ആർ.എഫ്.ബി) അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ രജിന, അസിസ്റ്റന്റ് എഞ്ചിനീയർ വിഷ്ണു എന്നിവർ പങ്കെടുത്തു.

കൊല്ലം മുതല്‍ മേപ്പയ്യൂര്‍ വരെയുള്ള 9.6 കിലോമീറ്റര്‍ ദൂരമാണ് 10 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നത്. 7 മീറ്റർ വീതിയിലാണ് ടാര്‍ ചെയ്യുന്നത്. വീതി വര്‍ദ്ധിപ്പിക്കുന്നതിനായി ഇരുഭാഗത്തും സ്ഥലം ഏറ്റെടുക്കുന്നതിന് 5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കൂടുതൽ തുക ആവശ്യമാണെന്ന് കണ്ടാൽ അനുവദിക്കും. ഇരുഭാഗത്തും ഡ്രെയിനേജ് സംവിധാനം ഉണ്ടാവും, 20 ഓളം കള്‍വെര്‍ട്ടുകള്‍ പുതുതായി പണിയുകയും നിലവിലുള്ള 19 എണ്ണത്തിന്റെ നീളം വര്‍ദ്ധിപ്പിക്കുകയും ചെയ്യും, 22 ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എം.എൽ.എ. പറഞ്ഞു.

