KOYILANDY DIARY

The Perfect News Portal

കൊലപാതകങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കൊലപാതകങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍  പറഞ്ഞു.എന്നാല്‍, കൊലപാതകം നടത്തുന്നതിന് പരിശീലനം നല്‍കുന്ന ചില സംഘടനകള്‍ കേരളത്തിലുണ്ട്. ഇവര്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമുണ്ടെന്നും പതിനാലാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തില്‍  പി കെ കുഞ്ഞാലിക്കുട്ടിയുടെ ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

കൊലപാതകങ്ങളില്‍ രാഷ്ട്രീയ കൊലപാതകമെന്നോ അല്ലാത്തവയെന്നോ വേര്‍തിരിച്ചു കാണുന്നില്ല. കൊലപാതകങ്ങളെ കൊലപാതകങ്ങളായി തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. നാദാപുരത്ത് മുസ്ളീംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പിണറായി സഭയെ അറിയിച്ചു.

രാജ്യത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കേരളം പതിനേഴാം സ്ഥാനത്താണെന്നും ഈ വര്‍ഷം 334 കൊലപാതകങ്ങളാണ് കേരളത്തില്‍ നടന്നതെന്നും ചോദ്യോത്തരവേളയില്‍ പിണറായി പറഞ്ഞു. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ഭേദഗതി ബില്‍ 2016 ഇന്ന് സഭ പരിഗണിക്കും.

Advertisements

അതേസമയം സ്വശ്രയ മെഡിക്കല്‍കോളേജ് പ്രശ്നത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. സ്വശ്രയ മെഡിക്കല്‍കോളേജുകളുമായി ഏര്‍പ്പെട്ട കരാര്‍ ഗുണകരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കോ രക്ഷിതാക്കള്‍ക്കോ കരാറില്‍ പരാതിയില്ല. കരാര്‍പ്രകാരം മെറിറ്റുസീറ്റുകളുടെ എണ്ണം കൂടിയിരിക്കുയാണെന്നും മന്ത്രി അറിയിച്ചു. ഇതോടെ വി എസ് ശിവകുമാര്‍ അനുമതിതേടിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് സ്വശ്രയ കരാര്‍ പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു

2016–17ലെ ബജറ്റ് പൂര്‍ണമായി പാസാക്കുകയാണ് നവംബര്‍ 10 വരെയുള്ള തീയതികളില്‍ 29 ദിവസമായി ചേരുന്ന സഭയുടെ പ്രധാന കാര്യപരിപാടി. ധനവിനിയോഗ ബില്‍ ചര്‍ച്ച 27നും ഉപധനാഭ്യര്‍ഥന ചര്‍ച്ച 31നും നടക്കും. ബജറ്റിലെ ധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി 13 ദിവസവും അനൌെദ്യോഗിക കാര്യങ്ങള്‍ക്കായി അഞ്ചുദിവസവും മാറ്റിവച്ചിട്ടുണ്ട്.

സഭാസമിതികള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകളില്‍ സഭയ്ക്കുള്ളില്‍ ചര്‍ച്ച നടത്തുന്ന രീതിക്ക് തുടക്കംകുറിക്കുന്നതാണ് ഈ സഭാസമ്മേളനത്തിന്റെ പ്രത്യേകത. ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ശേഷം ഒന്നോ രണ്ടോ ദിവസം റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചകള്‍ക്കായി നീക്കിവയ്ക്കും.

14-ആം  നിയമസഭയുടെ  രണ്ടാം സമ്മേളനം തുടങ്ങുമ്പോള്‍ പ്രതിപക്ഷമായ യുഡിഎഫ് വീണ്ടും ദുര്‍ബലമായി. യുഡിഎഫില്‍നിന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് വിട്ടുപോയതോടെ തുടക്കത്തില്‍ 47 അംഗങ്ങളുണ്ടായിരുന്നത് 41 പേരായി ചുരുങ്ങി. മാണിഗ്രൂപ്പ് പ്രത്യേക വിഭാഗമായാണ് സഭയിലിരിക്കുന്നത്. ഇവരെ കൂടാതെ ബിജെപിയിലെ ഒ രാജഗോപാലും  പി സി ജോര്‍ജുമാണ് പ്രതിപക്ഷത്തുള്ളത്.

നവംബര്‍ 10 വരെ നീളുന്ന സമ്മേളനത്തില്‍ ചരക്ക് സേവന നികുതിയുടെ സംസ്ഥാന ബില്‍, കിഫ്ബി ഭേദഗതി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍,  നെല്‍വയല്‍ –നീര്‍ത്തട നിയമഭേദഗതി  തുടങ്ങിയവയും പരിഗണിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *