കൊയിലാണ്ടി മേൽപ്പാലം ജംങ്ഷനിൽ ഡിവൈഡറുകൾ സ്ഥാപിക്കണം

കൊയിലാണ്ടി: നഗരത്തിൽ റെയിൽവേ മേൽപ്പാലത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കാത്തത് വൻ അപകടങ്ങൾ പതിയിരിക്കുന്നു. വെള്ളം കെട്ടിനിന്ന് കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയും, കൂടാതെ പാലത്തിന്റെ വീതി കുറവ് വാഹനങ്ങൾക്കും പൊതു ജനങ്ങൾക്കും വലിയ ഭീഷണിയാണ് ഉണ്ടാക്കുന്നത്.
കൊയിലാണ്ടിയിൽ പാലം ഉണ്ടാക്കുന്നതിന്റെ തൊട്ട് മുമ്പാണ് നന്തി, ചെങ്ങോട്ടുകാവ്, വെങ്ങളം, വെങ്ങാലി എന്നിവിടങ്ങളിൽ പാലം പണിതത്. അവിടങ്ങളിലെല്ലാം നല്ല വീതിയിൽ പാലം ഉണ്ടാക്കുകയും, കാൽനട യാത്രക്കാർക്ക് നടന്ന് പോകാനുള്ള ഫുട് പാത്ത് ഉൾപ്പെടെ നിർമ്മിച്ചത് ഈയൊരവസരത്തിൽ ഓർക്കേണ്ടതാണ്. ഏറ്റവും ഒടുവിലുണ്ടാക്കിയ കൊയിലാണ്ടി മേൽപാലത്തിന് ഫുട്പ്പാത്ത് ഇല്ല എന്ന് മാത്രമല്ല ഉള്ള റോഡിന്റെ വീതി കുറവ് ജനത്തെ ദുരിതത്തിലാക്കുകയാണ്.

പുതിയ സ്റ്റാൻഡ് പരിസരത്തു നിന്നും പേരാമ്പ്ര-താമരശ്ശേരി ഭാഗത്തേക്ക് റോഡ് രണ്ടായി വഴിപിരിയുന്ന ഭാഗത്ത് മുമ്പ് ട്രാഫിക് പോലീസ് ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നെങ്കിലും വാഹനങ്ങൾ തട്ടിത്തകരുകയായിരുന്നു. രാവിലെ ഓഫീസ് സമയത്തിന് തൊട്ടു മുമ്പ് വരെ ഇവിടെ വാഹനങ്ങളുടെ അതിപ്രസരമാണ്. നിയന്ത്രണമില്ലാതെ വരുന്ന വാഹനങ്ങൾ ഡിവൈഡറുകൾ തകർക്കുന്നതിനെതിരെ പോലീസിന് നടപടി സ്വീകരിക്കാൻ കഴിയുന്നില്ല. ഇവിടെ ട്രാഫിക് പോലീസിൻ്റെ സാന്നിധ്യമില്ലാത്തതിനാൽ അമിത വേഗതയിലാണ് പുതിയ സ്റ്റാൻ്റ് ഭാഗത്തേക്കും തിരിച്ചും വാഹനങ്ങൾ വരുന്നത്. ട്രാഫിക് നിയമം ലംഘിച്ചെത്തുന്ന വാഹനങ്ങൾ മേൽപ്പാലത്തിലൂടെ പോകുന്ന കാൽനട യാത്രക്കാരുടെ ജീവനും വലിയ ഭീഷണി ഉയർത്തുന്നുണ്ട്. ജംഗ്ഷനിൽ ട്രാഫിക് ലൈറ്റുകളും ഡിവൈഡറുകളും പുനസ്ഥാപിച്ച് ഇവിടെ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.

