കൊയിലാണ്ടി നെസ്റ്റ് ആഭിമുഖ്യത്തിൽ കിസ്സ – ഫെബ്രുവരി 1ന് ആരംഭിക്കും
കൊയിലാണ്ടി: വിവിധ കാരണങ്ങളാൽ വീടുകളിൽ കിടപ്പിലായവരെയും സമൂഹത്തിൻ്റെ പരിഗണന വേണ്ടത്ര ചികിത്സ ലഭിക്കാത്ത ഭിന്നശേഷിക്കാരായ കുട്ടികളെയും ചേർത്തുപിടിച്ച് അവർക്ക് സ്നേഹവും ശുശ്രൂഷയും പഠന പരിശീലനങ്ങളും നൽകി അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച നെസ്റ്റ് കൊയിലാണ്ടിയുടെ വിദ്യാർത്ഥി കൂട്ടായ്മയായ നെസ്റ്റ് ക്യാമ്പസ് ഇനീഷ്യേറ്റീവ് ആഭിമുഖ്യത്തിൽ നടക്കുന്ന കൊയിലാണ്ടി കിസ്സ വൈവിധ്യമാർന്ന പരിപാടികളോടെ 2020 ഫെബ്രുവരി 1, 2, 3 തീയതികളിൽ നെസ്റ്റ് പരിസരത്ത് വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
നട്ടെല്ലിനു ക്ഷതം സംഭവിച്ച കിടപ്പിലായവരുടെ സംഗമം- സ്നേഹസംഗമം, വീൽചെയർ മാരത്തോൺ, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ കലോത്സവം- മഴവില്ല്, പാലിയേറ്റീവ് കെയർ ഒത്തുകൂടൽ-സമാഗമം, ഗ്രാമിക- ദക്ഷിണേന്ത്യൻ ഗ്രാമീണ നൃത്തരൂപങ്ങൾ, പുതു തലമുറയിലെ ശ്രദ്ധേയരായ സൂഫി ഗസൽ ഗായകസംഘം മെഹ്ഫിലെ സമ അവതരിപ്പിക്കുന്ന സംഗീതസന്ധ്യ, കൊയിലാണ്ടിയുടെ പാരമ്പര്യ വിഭവങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യമേള -പിരിശപത്തിരി തുടങ്ങിയ പരിപാടികളാണ് കൊയിലാണ്ടി കിസ്സയുടെ ഭാഗമായി നടത്തുന്നത്.
ഫെബ്രുവരി ഒന്നിന് നട്ടെല്ലിന് ക്ഷതം പറ്റി കിടപ്പിലായവർക്കായി സംഘടിപ്പിക്കുന്ന സ്നേഹ സംഗമം കെ ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും. മൈത്രേയൻ, നൂർ ജലീല, വൈശാഖ് പേരാമ്പ്ര, ബല്ലാത്ത പഹയൻ (വിനോദ് നാരായൺ), ജിലു മാരിയറ്റ് തോമസ് എന്നിവർ അതിഥികളായി പങ്കെടുക്കും.
നട്ടെല്ലിന് ക്ഷതം പറ്റിയവർക്കായി കോഴിക്കോട് ജില്ലയിൽ ആദ്യമായി നടക്കുന്ന വീൽചെയർ മാരത്തോൺ ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 6:30ന് ഒളിമ്പ്യൻ പി. ടി. ഉഷ ഫ്ലാഗ് ഓഫ് ചെയ്യും. അന്ന് രാവിലെ 10 മണിക്ക് ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങൾക്കായി നടക്കുന്ന കലോത്സവം- മഴവില്ല് പി. എം. എ ഗഫൂർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം ദേവികാ സഞ്ജയ് മുഖ്യാതിഥിയായി പങ്കെടുക്കും.
ഫെബ്രുവരി 3 ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന പാലിയേറ്റീവ് കെയർ സംഗമം -സമാഗമം പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യൻ ഗ്രാമീണ കലകളുടെ നൃത്തരൂപങ്ങൾ ഗ്രാമിക മൂന്നു ദിവസവും രാത്രി 6 മണിക്ക് അരങ്ങേറും.
