KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ആര്‍.ടി.ഒ. ഓഫീസ് പ്രവര്‍ത്തിക്കുന്നത് അസൗകര്യങ്ങള്‍ക്ക് നടുവില്‍

കൊയിലാണ്ടി: കൊയിലാണ്ടി ജോയന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിക്കുന്നത് അസൗകര്യങ്ങള്‍ക്ക് നടുവില്‍. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന ആളുകളുടെ തിരക്കും അസൗകര്യങ്ങളും കാരണം ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റുകയാണ്. 2001 മുതലാണ് ജോ. ആര്‍.ടി. ആറായിരം രൂപ വാടക നല്‍കി പള്ളി കമ്മിറ്റിയുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

കടുത്ത ചൂടുകാരണം ഓഫീസിലിരുന്നു ജോലിചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഫയലുകള്‍ സൂക്ഷിക്കാനോ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായി ഇരുന്ന് ജോലിചെയ്യാനോ കഴിയുന്നില്ല. ഓഫീസിന്റെ പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നടപടികളൊന്നുമായിട്ടില്ല.

വാടകക്കെട്ടിടത്തിലെ ഒന്നാമത്തെ നിലയിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പകല്‍ മുഴുവന്‍ കഠിനമായ ചൂടാണ് ഓഫീസിനകത്ത്. അഞ്ഞൂറോളം പേര്‍ ദിനംപ്രതി ഓഫീസില്‍ എത്തുന്നുണ്ട്. വളരെ ഇടുങ്ങിയ സ്ഥലത്താണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ജോയിന്റ് ആര്‍.ടി.ഒ.യ്ക്ക് കീഴില്‍ രണ്ട് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും, നാല് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ് ഇവിടെയുള്ളത്.

Advertisements

ഒരു ജൂനിയര്‍ സൂപ്രണ്ടും മൂന്ന് സീനിയര്‍ ക്ലാര്‍ക്കും മൂന്ന് ക്ലാര്‍ക്കുമാരും ഒരു ടൈപ്പിസ്റ്റും ഒരു പ്യൂണുമാണ് മറ്റ് ജീവനക്കാര്‍. കൊയിലാണ്ടി റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍നിന്ന് പേരാമ്ബ്രഭാഗം മാറ്റി പുതിയ ഓഫീസ് അവിടെ തുടങ്ങാനുള്ള നടപടികളും ഇഴഞ്ഞുനീങ്ങുകയാണ്. പേരാമ്ബ്രയില്‍ ആര്‍.ടി.ഒ. ഓഫീസ് തുടങ്ങുന്നതിന്റെ മുന്നോടിയായി പുതിയ ജോ. ആര്‍.ടി.ഒ.യെ നിയമിച്ചിട്ടുണ്ട്.

കെ.കെ. രാജീവിനെയാണ് പേരാമ്ബ്ര ജോയിന്റ് ആര്‍.ടി.ഒ.യായി നിയമിച്ചത്. ഓഫീസ് പ്രവര്‍ത്തിച്ചു തുടങ്ങാത്തതിനാല്‍ വടകരയിലെ ഓഫീസിലാണ് ജോലിചെയ്യുന്നത്. എം.വി.ഐ., എ.എം.വി.ഐ., മറ്റ് ജീവനക്കാര്‍ എന്നിവരെയും നിയോഗിക്കേണ്ടതായിട്ടുണ്ട്. ഇതേപോലെ നന്മണ്ടയിലും പുതിയ ഓഫീസ് തുറക്കുന്നുണ്ട്. ഇവിടെ ജോ. ആര്‍.ടി.ഒ.യെ നിയോഗിച്ചിട്ടില്ലെന്നാണ് വിവരം. പേരാമ്ബ്രയിലും നന്മണ്ടയിലും പുതിയ ഓഫീസ് വരുന്നതോടെ കൊയിലാണ്ടി ഓഫീസിലെ ജോലിഭാരം കുറയുമെന്നാണ് പ്രതീക്ഷ.

കൊയിലാണ്ടിയില്‍ ആര്‍.ടി. ഓഫീസിനായി ബപ്പന്‍കാട് റോഡിലെ സ്വകാര്യ കെട്ടിടം കണ്ടുവെച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍നടപടികളൊന്നുമുണ്ടായില്ല. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിട സമുച്ചയത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ കൊയിലാണ്ടി നഗരത്തില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ ഓഫീസുകളെ അങ്ങോട്ടു മാറ്റാന്‍ കഴിയും. കൊയിലാണ്ടി ആര്‍.ടി. ഓഫീസ്, ലീഗല്‍ മെട്രോളജി ഓഫീസ്, വാട്ടര്‍ അതോറിറ്റി ഓഫീസ്, കെ.എസ്.ഇ.ബി. ഓഫീസ് തുടങ്ങിയവയെല്ലാം പ്രവര്‍ത്തിക്കുന്നത് സ്വകാര്യ കെട്ടിടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *