KOYILANDY DIARY

The Perfect News Portal

ഡി.ഇ.ഒ. ഓഫീസിനുമുന്‍പില്‍ അധ്യാപികയുടെ കുത്തിയിരിപ്പുസമരം

താമരശ്ശേരി: അധ്യാപികയുടെ നിയമനത്തിന് വിദ്യാഭ്യാസവകുപ്പ് അംഗീകാരം നല്‍കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച്‌ ഡി.ഇ.ഒ. ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം. പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപിക കെ.പി. ഹേമലതയാണ് താമരശ്ശേരി ഡി.ഇ.ഒ. ഓഫീസിനുമുമ്ബില്‍ പ്രതിഷേധവുമായെത്തിയത്. കെ.എസ്.ടി.എ.യുടെ പിന്തുണയോടെയായിരുന്നു സമരം.

യു.പി. സ്‌കൂള്‍ അധ്യാപികയായിരുന്ന ഹേമലതയ്ക്ക് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാച്വറല്‍ സയന്‍സ് അധ്യാപക തസ്തികയില്‍ ഒഴിവുവന്നപ്പോഴാണ് 2010-ല്‍ സ്ഥാനക്കയറ്റം ലഭിച്ചത്. പക്ഷേ, ആശ്രിതനിയമനവാദവുമായി ഇതേ തസ്തികയില്‍ മറ്റൊരധ്യാപിക പരാതിയുമായെത്തിയത് പ്രശ്‌നമായി. തുടര്‍ന്ന് പരാതിയുന്നയിച്ച അധ്യാപികയെ കോടതി നിര്‍ദേശപ്രകാരം നിയമിക്കുകയും ചെയ്തു.

2016-ല്‍ സ്‌കൂളില്‍ വീണ്ടും നാച്വറല്‍ സയന്‍സില്‍ ഒരു തസ്തികകൂടിയുണ്ടായി. അതില്‍ ഹേമലതയെ സ്‌കൂള്‍ മാനേജ്‌മെന്റ് നിയമിച്ചു. ഈ നിയമനത്തിനാണ് വിദ്യാഭ്യാസവകുപ്പ് അംഗീകാരം നീട്ടിക്കൊണ്ടുപോകുന്നത്.

Advertisements

ആശ്രിതനിയമനവുമായി ബന്ധപ്പെട്ട തടസ്സവാദം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ അതിനുശേഷം നടന്ന നിയമനത്തിന് അംഗീകാരം നല്‍കാനാവില്ലെന്നാണ് ഡി.ഇ.ഒ. ഓഫീസില്‍നിന്നും നല്‍കിയ വിശദീകരണം. തടസ്സവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവസാനിപ്പിക്കേണ്ടത് ഡി.ഡി.ഇ. ഓഫീസില്‍നിന്നാണ്. ആശ്രിതനിയമനവുമായി ബന്ധപ്പെട്ട ഒരു അപ്പീലും ഡി.ഡി.ഇ. ഓഫീസില്‍ തീര്‍പ്പാകാതെയുണ്ട്. അതിനാല്‍ പ്രശ്‌നപരിഹാരത്തിന് അധ്യാപിക ഡി.ഡി.ഇ.യെയാണ് സമീപിക്കേണ്ടതെന്ന് താമരശ്ശേരി ഡി.ഇ.ഒ.യുടെ പി.എ.അറിയിച്ചു.

അതേസമയം, തൊട്ടുമുമ്പു നടന്ന നിയമനം അംഗീകരിക്കുകയും നിയമനം ലഭിച്ചയാള്‍ക്ക് ശമ്പളം ലഭിച്ചു തുടങ്ങുകയും ചെയ്തിട്ടും പിന്നീടുനടന്ന തന്റെ നിയമനത്തിന് അംഗീകാരം നീട്ടിക്കൊണ്ടുപോകുന്നത് നീതിയല്ലെന്ന് ഹേമലത പറയുന്നു. ഇതിന് നടപടിയെടുക്കേണ്ടത് ഡി.ഇ.ഒ.യാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഡി.ഇ.ഒ. ബുധനാഴ്ച അവധിയിലായിരുന്നു. വൈകുന്നേരം മൂന്നുമണിവരെ ഓഫീസിനു മുമ്പില്‍ കുത്തിയിരുന്ന ഹേമലത വ്യാഴാഴ്ച വീണ്ടും വന്ന് ഡി.ഇ.ഒ.യെ നേരിട്ടുകാണാന്‍ തീരുമാനിച്ച്‌ മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *