KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയില്‍ വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി ടൂറിസം പദ്ധതികള്‍ക്ക് സാധ്യത തെളിയുന്നു

കൊയിലാണ്ടി: കാപ്പാടിനും ഇരിങ്ങല്‍ സര്‍ഗാലയാ ഗ്രാമത്തിനുമിടയിലുള്ള കടലോരമേഖലയില്‍ വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കി വന്‍ ടൂറിസം പദ്ധതികള്‍ക്ക് സാധ്യത തെളിയുന്നു. മലബാറിലെ ടൂറിസം വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്ന് കെ. ദാസന്‍ എം.എല്‍.എ.

ഇതിന്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലത്തില്‍ ടൂറിസം സാധ്യതകള്‍ ഉള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രോജക്‌ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പ്രമുഖ ആര്‍ക്കിടെക്‌ട് ആര്‍.കെ. രമേശിനെ ചുമതലപ്പെടുത്തി.

ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട്, ആര്‍ക്കിടെക്‌ട് ആര്‍.കെ. രമേശ്, ഇരിങ്ങല്‍ സര്‍ഗാലായ സി.ഇ.ഒ. പി.പി. ഭാസ്കരന്‍, ജനറല്‍ മാനേജര്‍ ടി.കെ. രാജേഷ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കൊല്ലം പാറപ്പള്ളി, മൂടാടി ഉരുപുണ്യകാവ്, തിക്കോടി ബീച്ച്‌, പുറക്കാട് അകലാപ്പുഴ കോള്‍ നിലം, നെല്യാടിക്കടവ് അകലാപ്പുഴ ഭാഗങ്ങളില്‍ സന്ദര്‍ശിച്ചു.

Advertisements

ഗസ്റ്റ് ഹൗസില്‍ അവലോകനയോഗം ചേര്‍ന്നു. ടൂറിസം വകുപ്പ് മനസ്സു വെച്ചാല്‍ കൊയിലാണ്ടി മണ്ഡലത്തില്‍പ്പെടുന്ന കടലോരം സംസ്ഥാനത്തെ ഏറ്റവും നല്ല ടൂറിസം കേന്ദ്രമായി വികസിപ്പിക്കാവുന്നതാണ്. ജില്ലയിലെ ഏറ്റവും പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാടിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇപ്പോള്‍ യാത്ര അവിടംകൊണ്ട് അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. വിനോദസഞ്ചാരികളെ വടക്ക് ഇരിങ്ങല്‍ കരകൗശലഗ്രാമംവരെ എത്തിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിന്റെ വികസനത്തിന് 10 കോടിരൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതായി കെ. ദാസന്‍ എം.എല്‍.എ. പറഞ്ഞു. സാങ്കേതികാനുമതികൂടി ലഭിച്ചാല്‍ നിര്‍മാണപ്രവൃത്തി ആരംഭിക്കും. തിക്കോടി കടലോരത്ത് ബീച്ച്‌ ഫുട്ബോളിനും വോളിബോളിനും സാധ്യതയേറെയാണ്. കാപ്പാടുമുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍വരെ സാമാന്യം നല്ല രീതിയില്‍ തീരദേശ റോഡ് പൂര്‍ത്തിയായിട്ടുണ്ട്. ആ റോഡ് വടക്ക് മൂരാട്വരെ ദീര്‍ഘിപ്പിച്ചാല്‍ തന്നെ ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വെളിച്ചത്ത് വരും.

കാപ്പാടിന് തുല്യമായ ടൂറിസം സാധ്യതയുള്ള പ്രദേശമാണ് കൊല്ലം പാറപ്പള്ളി ബീച്ചും ഉരുപുണ്യകാവ് ബീച്ചും. പാറപ്പള്ളി കടലോരം പിന്നിട്ടാല്‍ പിന്നെ പാലക്കുളം ബീച്ചായി. ഉരുപുണ്യകാവ് ദുര്‍ഗാദേവി ക്ഷേത്രത്തിന്റെ കുന്നുകയറി നന്തി ലൈറ്റ് ഹൗസും കണ്ട് നേരെ തിക്കോടി കോടിക്കല്‍ ബീച്ചിലെത്താം. അവിടെനിന്നും കൊളാവി ആമ വളര്‍ത്തുകേന്ദ്രം, പയ്യോളി കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ ഭവനം, ഇരിങ്ങല്‍ കരകൗശലഗ്രാമവും കണ്ട് മടങ്ങാന്‍ കഴിയും വിധമാണ് പദ്ധതി ആവിഷ്കരിക്കുക. കടലോരത്തിന്റെ വികസനത്തിന് സഹായകമായി മിനി ടൗണ്‍ഷിപ്പുകളും രൂപപ്പെടുത്താവുന്നതാണ്. കണയങ്കോട്-അകലാപ്പുഴ കേന്ദ്രീകരിച്ച്‌ ജല ടൂറിസം പദ്ധതികള്‍ക്കും അനന്ത സാധ്യതകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *