കുറ്റ്യാടി ചുരം റോഡിൽ കാർ കത്തിനശിച്ചു

തൊട്ടിൽപ്പാലം : കുറ്റ്യാടി ചുരം റോഡിൽ വയനാട്ടിലേക്ക് പോകുകയായിരുന്ന കാർ കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെ രണ്ടിന് നടന്ന അപകടത്തിൽ ആളപായമില്ല. തലശ്ശേരിയിൽ നിന്നുള്ള കാറാണ് കത്തിയത്. കാറിൽ ഡ്രൈവറടക്കം നാലു പേരാണുണ്ടായിരുന്നതെന്നും, സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്നും തൊട്ടിൽപ്പാലം പോലീസ് പറഞ്ഞു.

കാറിന്റെ എൻജിനുള്ളിൽനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പിറകെയുണ്ടായിരുന്ന മറ്റൊരുവാഹനത്തിലെ യാത്രക്കാരുടെ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്. വയനാട് മക്കിയാട് കേടായി വഴിയിൽ കുടുങ്ങിയ കാർ റിപ്പയറിങ്ങിനായി ആളുമായി പോകവെയാണ് തീപിടിച്ചത്. ചേലക്കാട് നിന്നെത്തിയ അഗ്നിരക്ഷാസേനയും, തൊട്ടിൽപ്പാലം പോലീസും നാട്ടുകാരുടെ സഹായത്തോടെ തീയണച്ചു.


