KOYILANDY DIARY

The Perfect News Portal

കനാല്‍ വൃത്തിയാക്കല്‍ പൂര്‍ത്തിയായില്ല

കൊയിലാണ്ടി: വരള്‍ച്ച ഉണ്ടാകുമെന്ന സൂചനയുണ്ടായിട്ടും കനാല്‍ വൃത്തിയാക്കല്‍ പൂര്‍ത്തിയായില്ല. ജനുവരിയില്‍ കനാല്‍ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായപ്പോള്‍ തന്നെ തുടങ്ങേണ്ടിയിരുന്ന ശുചീകരണം പലേടത്തും ഇതുവരെ തുടങ്ങിയിട്ടില്ല. തുടങ്ങിയവയാവട്ടെ, ഇനിയും പൂര്‍ത്തിയായിട്ടില്ല.

കുറ്റിയാടി ജലസേചനപദ്ധതിയുടെ ഭാഗമായുള്ള ഇരിങ്ങല്‍ ബ്രാഞ്ച് മെയിന്‍കനാലിന്റെ കൈക്കനാലുകളാണ് അവഗണിക്കപ്പെടുന്നത്. കൊയിലാണ്ടി നഗരസഭയിലെ പുളിയഞ്ചേരിയില്‍ നിന്നും മൂടാടി ഗ്രാമപ്പഞ്ചായത്തിലെ വെള്ളറക്കാട്ടേക്ക് പോകുന്ന മരളൂര്‍ കൈക്കനാലില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. മുന്‍പുതന്നെ വെള്ളം തുറന്നുവിടുകയും ചെയ്തു.

ഏതാണ്ട് ഇരുനൂറു മീറ്ററോളം വെള്ളമെത്തുമ്പോഴേക്കും ഒഴുക്ക് തടസ്സപ്പെടുകയാണ്. മാലിന്യം കെട്ടിക്കിടക്കുന്നതും മണ്ണടിഞ്ഞതുമാണ് കാരണം. തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ടവരുടെ സേവനമുപയോഗിച്ച് കനാല്‍ വൃത്തിയാക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

Advertisements

കൊല്ലം-നെല്യാടി റോഡില്‍ നരിമുക്കില്‍ നിന്നും ആരംഭിക്കുന്ന വിയ്യൂര്‍ കൈക്കനാലിലും വെള്ളമെത്തിയിട്ടില്ല. ഇവിടെ വൈകിയാണെങ്കിലും കനാല്‍ശുചീകരണം തുടങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിനും വേനല്‍ക്കാല പച്ചക്കറിക്കൃഷിക്കും ആളുകള്‍ കാലങ്ങളായി കനാല്‍വെള്ളത്തെയാണ് ആശ്രയിക്കുന്നത്. കനാല്‍വെള്ളം എത്രകാലം കിട്ടുമെന്നതിന് ഒരുറപ്പുമില്ലാത്തസ്ഥിതിയായിരുന്നു കഴിഞ്ഞവര്‍ഷം വരെ. മെയിന്‍ കനാലില്‍ പല ഇട
ങ്ങളിലായി ഭിത്തിതകര്‍ന്നതു കാരണം ജലവിതരണം നിര്‍ത്തിവെക്കേണ്ടിവന്നു.

ഇതുമൂലം നിരവധികുടുംബങ്ങളുടെ കുടിവെള്ളമാണ് മുടങ്ങിയത്. വേനല്‍മഴ ശക്തമായി ലഭിച്ചതിനാലാണ് ദുരിതത്തിന് അല്‍പ്പം ശമനമുണ്ടായത്. കഴിഞ്ഞവര്‍ഷം വിയ്യൂരിലെ ചെട്യാംകണ്ടിതാഴെ കനാല്‍ തകര്‍ന്നിരുന്നു. അതിനുശേഷം ഈമേഖലയില്‍ ജലവിതരണം ഉണ്ടായിട്ടില്ല. തകര്‍ന്നുപോയ കനാല്‍ഭിത്തി താത്കാലികമായി മണ്ണിട്ട്‌നികത്തി ജലവിതരണത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍, പലേടത്തും കനാല്‍ഭിത്തികള്‍ ഭീഷണി നേരിടുന്നുണ്ട്. കനാലിലെ ചോര്‍ച്ച പൂര്‍ണമായി തടയാനും ഇതുവരെ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *