KOYILANDY DIARY

The Perfect News Portal

കണ്ണൂരിലെ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം

തളിപ്പറമ്പ്‌: കണ്ണൂരിലെ നാടുകാണിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഒരു കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാന പാതയില്‍ നാടുകാണി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ എസ്റ്റേറ്റിന് സമീപത്തു നിന്നും കൂവേരിയിലേക്കുള്ള റോഡില്‍ പ്രവര്‍ത്തിക്കുന്ന ചെട്ടിയാംകുന്നേല്‍ പ്ലൈവുഡ് ഫാക്ടറിയിലാണ് തീപിടിത്തം നടന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഫാക്ടറിക്ക് പിറകിലെ ക്വാര്‍ട്ടേഴ്സില്‍ തൊഴിലാളികളായ നൂറോളം ബംഗാളികള്‍ താമസിക്കുന്നുണ്ട്. തീപടര്‍ന്നു പിടിച്ചതോടെ ഇവര്‍ ക്വാര്‍ട്ടേഴ്സില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ്‌ അഗ്നിശമന നിലയത്തിലെ സ്റ്റേഷന്‍ ഓഫീസര്‍ പി.വി.പവിത്രന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിശമനസേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ആരംഭിച്ചുവെങ്കിലും തീപടര്‍ന്നു പിടിച്ചതോടെ പയ്യന്നൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് യൂണിറ്റുകളേക്കൂടി വിളിച്ചുവരുത്തി.

രാവിലെ ആറുവരെ പതിനഞ്ചോളം തവണ ചപ്പാരപ്പടവ് പുഴയിലെത്തി വെള്ളം ശേഖരിച്ചാണ് ഫയര്‍ഫോഴ്സ് തീയണയ്ക്കാന്‍ ശ്രമം തുടരുന്നത്. ഫാക്ടറിയില്‍ സൂക്ഷിച്ച ടണ്‍കണക്കിന് മരങ്ങളും നിരവധി യന്ത്രസാമഗ്രികളും പ്ലൈവുഡ് സ്റ്റോക്കുകളും കത്തിനിശിച്ചിട്ടുണ്ട്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പെരുമ്ബടവ് സ്വദേശികളായ ബെന്നി, ബിജു, ബോബി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സ്ഥാപനമാണ് ചെട്ടിയാംകുന്നേല്‍ പ്ലൈവുഡ് ഫാക്ടറി. തീപിടിത്ത വിവരമറിഞ്ഞ് തളിപ്പറമ്ബ് പോലീസും സ്ഥലത്തെത്തിയിരുന്നു. ഫാക്ടറിയില്‍ സൂക്ഷിച്ച പണിതീര്‍ന്ന പ്ലൈവുഡുകള്‍ ജെസിബി ഉപയോഗിച്ച്‌ നീക്കം ചെയ്താണ് തീയണച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *