KOYILANDY DIARY

The Perfect News Portal

എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഒന്നാം വാര്‍ഷികം ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഒന്നാം വാര്‍ഷികം ഇന്നസെന്റ് എം പി ഉദ്ഘാടനം ചെയ്തു. കാന്‍സര്‍ രോഗത്തെ അഭിമുഖീകരിച്ചതും വിജയകരമായി അതിജീവിച്ചതുമായ ജീവിതാനുഭവം ഇന്നസെന്റ് പങ്കുവച്ചു. രോഗികളോട് മറ്റുള്ളവര്‍ സഹാനുഭൂതിയോടെ പെരുമാറണമെന്നും രോഗം വന്നാല്‍ ആത്മധൈര്യം കൈവിടാതെ നേരിടാന്‍ ശ്രമിക്കണമെന്നും ഇന്നസെന്റ് പറഞ്ഞു.

ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും ഒരു ആശ്രമം കണക്കെ ആശുപത്രിയെ മുന്നോട്ടു കൊണ്ടുപോവുകയാണെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ആശുപത്രി ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ പറഞ്ഞു. 10 വര്‍ഷം കൊണ്ട് കാന്‍സര്‍ രോഗം ഇല്ലാതാക്കാന്‍ കഴിയുമോയെന്ന ശ്രമത്തിന്റെ തുടക്കമാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ച്ച്‌ 31ന് മുമ്ബ് തുടക്കം കുറിക്കുന്നത്.15 വയസ് വരെയുള്ളവര്‍ക്ക് ചികിത്സ ആനുകൂല്യം നല്‍കാന്‍ ആലോചിക്കയാണെന്നും വിജയകൃഷ്ണന്‍ അറിയിച്ചു.

എം വി ആര്‍ ആശുപത്രിക്കു പിന്നിലുള്ളത് മഹത്തരമായ ഒരു കാഴ്ചപ്പാടാണെന്നും ഇതൊരു അത്ഭുതമായി അനുദിനം മാറിക്കൊണ്ടിരിക്കയാണെന്നും കലാപരിപാടികള്‍ ഉദ്ഘാടനം ചെയ്ത നടന്‍ മാമുക്കോയ പറഞ്ഞു. ദുബായില്‍ 5,500 ചതുരശ്രയടിയില്‍ ഡയഗ്നോസ്റ്റിക് സെന്റര്‍ ജൂണില്‍ ഉദ്ഘാടനം ചെയ്യുമെന്ന് വൈസ് ചെയര്‍മാന്‍ വി എ ഹസന്‍ പറഞ്ഞു.

Advertisements

6 മാസം കൊണ്ട് 8000 രോഗികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയതായി മെഡിക്കല്‍ ഡയറക്ടര്‍ ഡോ ഇ നാരായണന്‍കുട്ടി വാര്യര്‍ അറിയിച്ചു. 600 പേര്‍ റേഡിയേഷന്‍ ചികിത്സയും 7000 പേര്‍ കീമോ തെറാപ്പിയും നടത്തി.മാര്‍ച്ച്‌ 31 ഓടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിടുകയാണെന്ന് ഡോ. നാരായണന്‍കുട്ടി വാര്യര്‍ പറഞ്ഞു.

ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്റ് സംസാരിച്ചു. വിവിധ മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ മാമുക്കോയ വിതരണം ചെയ്തു. ഡയറക്ടര്‍ എന്‍ സി അബൂബക്കര്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും കെ പി എ സി യുടെ നാടകവും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *