ഉന്നാവോയില്‍ 3 പേര് ചേര്‍ന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

ലഖ്നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിനിരയായ യുവതിയെ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ കാണ്‍പൂരിലെ ആര്.ആര്.എല്‍ ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ന് ബയ്സ്വര ബിഹാര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്താണ് സംഭവം. റായ് ബറേലിയിലേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുകയായിരുന്ന യുവതിയെ ബലാത്സംഗകേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള സംഘം പിന്തുടര്ന്ന് ആക്രമണം നടത്തുകയായിരുന്നു. ആറംഗ അക്രമി സംഘം യുവതിയെ മര്‍ദിക്കുകയും കത്തികൊണ്ട് കുത്തി വലിച്ചിഴച്ച് വയലിലേക്ക് കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

നില വഷളായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്നും യുവതിയെ കാണ്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ മൊഴിയെ തുടര്‍ന്ന് മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി കൂട്ട ബാലത്സംഗത്തിനിരയായത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതികള്‍ അറസ്റ്റിലാവുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയും ചെയ്തു. പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച് യുവതി വീണ്ടും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഹരി ശങ്കര്‍ ത്രിവേദി, കിഷോര്‍, ശുഭം, ശിവം, ഉമേഷ് എന്നിവരാണ് പ്രതികള്‍.

പൊലീസ് നിഷ്ക്രിയമായതിനാണ് യുവതിക്കെതിരെ ആക്രമണമുണ്ടായതെന്ന് എന്‍.സി.പി എം.പി മജീദ് മാമന് ആരോപിച്ചു. കഴിഞ്ഞ ആഴ്ച ഹൈദരാബാദില്‍ മൃഗഡോക്ടറെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് സമാന സംഭവമുണ്ടായിരിക്കുന്നത്.

