KOYILANDY DIARY

The Perfect News Portal

ഉംപുണ്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപകൊണ്ട ഉംപുണ്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബുധനാഴ്ച തീരംതൊടുന്ന ചുഴലിക്കാറ്റിനെ നേരിടാന്‍ ഒഡീഷയിലും ബംഗാളിലും മുന്നൊരുക്കങ്ങളായി. 11 ലക്ഷം പേരെ ഒഡീഷ തീര പ്രദേശത്തു നിന്നും കുടിയൊഴിപ്പിച്ചു. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 230 കിലോമീറ്റര്‍ ആണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളിലും ചുഴലിക്കാറ്റിൻ്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകും.

കൊറോണ വൈറസിൻ്റെ ഭീഷണി കൂടി നിലനില്‍ക്കുന്നതിനാല്‍ ആളുകളെ ഒരു കാരണവശാലും കൂട്ടത്തോടെ പാര്‍പ്പിക്കാനാകില്ലെന്നും അതിനാല്‍ വിശാലമായ താമസ സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും ഒഡീഷ മുഖ്യമന്ത്രി നവീൻ പട് നായിക് അറിയിച്ചു.

ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും ജില്ലാ ഭരണകൂടം അറിയിക്കുന്നു. ജഗത് സിംഗ് പൂരിന് പുറമേ, ഒഡിഷയിലെ പുരി, കേന്ദ്രപാഡ, ബാലാസോര്‍, ജാപൂര്‍, ഭാദ്രക്, മയൂര്‍ഭാജ് എന്നിവിടങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും കാറ്റിന്റെ പ്രഭാവത്തില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകും.

Advertisements

പശ്ചിമബംഗാളില്‍ നോര്‍ത്ത്, സൗത്ത് പര്‍ഗാനാസ്, കൊല്‍ക്കത്ത, ഈസ്റ്റ, വെസ്റ്റ് മിദ്നാപൂര്‍, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

കേരളത്തിലും മഴ

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടര്‍ന്നേക്കാം. ഇന്നലെ രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്ബത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ആണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്.

 

Leave a Reply

Your email address will not be published. Required fields are marked *