KOYILANDY DIARY

The Perfect News Portal

ഈ ശാപമോക്ഷത്തിന് ഇതിയെത്ര?.. ഗാതാഗത കുരുക്കിലമർന്ന് കൊയിലാണ്ടി

കൊയിലാണ്ടി: തിരക്കൊഴിയുന്ന കൊയിലാണ്ടിയെ സ്വപ്‌നം കാണുന്ന ജനങ്ങൾക്ക് അത് എന്നെങ്കിലും യാഥാർത്ഥ്യമാകുമോ?.. ഉത്തരം രാഷ്ട്രീയക്കാർക്കും അധികാരികൾക്കും നാളെ എന്ന് പറയാൻ സാധിക്കുമെങ്കിലും പതിറ്റാണ്ടുകളായി അത് പ്രവർത്തിച്ച് കാണിക്കാൻ സാധിക്കുന്നില്ല. ഭരണവും രാഷ്ട്രീയ സഖ്യവും മാറി മാറിയും എന്നാൽ ഹൈവേക്ക് ഒരു മാറ്റവും ഉണ്ടാകുന്നില്ല. പതിനായിരത്തിലധികം വാഹനങ്ങൾ ദിവസവും നിരത്തിലിറങ്ങാൻ ഒരു തടസ്സവുമില്ല. ഒരേയൊരു തടസ്സം അത് കൊയിലാണ്ടിയും.

സാധാരണക്കാരന്റെ സഞ്ചാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഈ ഭീതിതമായ അവസ്ഥക്ക് മാറ്റമുണ്ടാകാൻ ഇനിയെത്രകാലം. ഇത് കൊയിലാണ്ടിക്കാരുടെ മാത്രം ചോദ്യമല്ല. കൊയിലാണ്ടിയിലൂടെ കടന്നുപോകുന്ന അനേകായിരങ്ങളുടെ ചേദ്യമാണ്. ജീവനുംകൊണ്ടി ചീറിപായുന്ന ആംബുലൻസുകൾ ഇവിടെയെത്തുമ്പോൾ ആംബുലൻസിന്റെ ഡ്രൈവർക്കും ഹൃദമിഡിപ്പ് കൂടും കാരണം പുറകിൽ കിടക്കുന്നത് നമ്മോടൊപ്പം ജീവിക്കുന്ന, നാളെ ആരൊക്കെയോ ആകേണ്ട, ഏതൊക്കയോ കുടുംബത്തിന്റെ അത്താണിയായ, നമ്മുടെ സഹോദരി, സഹോദരന്മാർ ഇവരുടെ ജീവൻ രക്ഷിക്കാനുള്ള ബാധ്യത.. അവന് വൈദ്യസഹായം വേഗത്തിലെത്തിക്കാൻ സാധിച്ചില്ലെങ്കിൽ ഉണ്ടാകുന്ന കുറ്റബോധം ഡ്രൈവറെ വല്ലാതെ വേട്ടയാടും. ഇതാണ് കൊയിലാണ്ടി പട്ടണത്തിന്റെ ശാപം. ഇതിന് അറുതി വരിത്തിയേ മതിയാകൂ.

town 4

നാഷണൽ ഹൈവെ വീതികൂട്ടണം എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കുമുണ്ട്. പട്ടണത്തിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി വീതി കൂട്ടിയാൽ നാല്‌വരി പാതയാകില്ലെങ്കിലും മാന്യമായി വാഹനം ഓടിച്ചുകൊണ്ടുപോകാനുള്ള സൗകര്യമെങ്കിലും ലഭിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. അതിന് വേണ്ടിയുള്ള കൂട്ടായ പ്രവർത്തനം സാധ്യമാക്കുക എന്നതാണ് കാതലായ പ്രശ്‌നം. കച്ചവടക്കാരെ കുടിയൊഴിപ്പിക്കുക, അവരെ പുനരധിവസിപ്പിക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്.

Advertisements

എന്നാൽ കൊയിലാണ്ടിയെ സംബന്ധിച്ച് മുൻവരിയിലെ കച്ചവടക്കാരെ ഒഴിപ്പിക്കാൻ ഇന്ന് വലിയ പ്രയാസം ഉണ്ടാകുമെന്ന് തോനുന്നില്ല. കാരണം നാഷണൽ ഹൈവേയിലെ പഴയ കെട്ടിടങ്ങൾക്ക് പിറകിലായി പുതിയ വൻ കെട്ടിടങ്ങൾ ഇപ്പോൾതന്നെ വന്നുകഴിഞ്ഞു. അവർ ഇത്തരത്തിൽ കെട്ടിടം പുതുതായി ഉണ്ടാക്കുമ്പോൾ മുൻവരിയിലെ കച്ചവടക്കാരനെ ഒഴിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് നല്ല ആലോചന നടത്തിയിട്ടുണ്ടാകുമെന്ന് തീർച്ച്. ഒരു പുനരധിവാസ പാക്കേജ് അവരുടെ മനസ്സിലും വന്നിട്ടുണ്ടാകും. പക്ഷെ അതിന് അവസരം ഉണ്ടാകുന്നല്ല എന്നതാണ് പ്രശ്‌നം.

കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതിയായ നാഷണൽ ഹൈവെ നാലുവരിയും ആറുവരി പാതയാക്കിമാറ്റാനുള്ള ശ്രമം നടന്നുവരുന്നു എന്നകാര്യം നമുക്ക് പ്രതീക്ഷ നൽകുന്നുണ്ട്. അതോടൊപ്പംതന്നെ നന്ദി – ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ഹൈവേ വികസന അതോറിറ്റിയും അതിന്റെ പ്രവർത്തനവുമായി മുന്നോട്ടുപോകുകയും ചെയ്യുന്നുണ്ട്. ഈ രണ്ട് പദ്ധതികളും യാഥാർത്ഥ്യമായാൽ മാത്രമേ കൊയിലാണ്ടിക്ക് ശാപമോക്ഷം കിട്ടൂ. അതിന്റെ തുടർ പ്രവർത്തനത്തിന് ഇനിയെങ്കിലും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കേണ്ടിയിരിക്കുന്നു. ഇത് കേവലം ഒരു പ്രാദേശിക ഭരണസമതിയുടെ ഇടപെടൽകൊണ്ട് മാത്രം നേടിയെടുക്കാൻ സാധിക്കുന്നതല്ല. സാമൂഹ്യപ്രതിബന്ധതയുള്ള ഒരു പൗരസമൂഹത്തിന്റെ ഇടപെടൽ അതാണ് കൊയിലാണ്ടിക്ക് വേണ്ടത്.

ഓണക്കാലം വന്നതോടെ കൊയിലാണ്ടിയിലെ അവസ്ഥ പരിതാപകരമായിരിക്കുകയാണ്. നാഷണൽ ഹൈവേയിൽ ഫുട്പാത്ത് കച്ചവടം ഇല്ലെങ്കിലും മറ്റു കടകളിലേക്ക് വരുന്നവരുടെ വാഹനവും ആളുകളുടെ തിരക്കും ശരിക്കും ടൗണിനെ വീർപ്പുമുട്ടിച്ചിരിക്കുകയാണ്. അഞ്ചും ആറും വരികളിലായാണ് വാഹനം ഹൈവേയിലൂടെ പോകുന്നത്. മുന്നോട്ടും പിറകോട്ടും എടുക്കാൻ കഴിയാതെ ശപിക്കപ്പെടുന്ന മനസ്സുകൾ ശാപമായി മാറുകയാണ്.

കൊല്ലം ടൗൺ മുതൽ അരങ്ങാടത്ത്‌വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെടുന്നത്. രണ്ട് കിലോമീറ്റർ സഞ്ചരിക്കാൻ 1 മണിക്കൂറിലേറെ സമയം അതാണ് കൊയിലാണ്ടിയിലെ അവസ്ഥ. ദീർഘദൂര വാഹനങ്ങളും, ആംബുലൻസുകളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. അതിനിടെ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രകടനംകൂടി ഉണ്ടായാൽ ദുരിതം പതിന്മടങ്ങ് വർദ്ധിക്കുന്നകാഴ്ചയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

കൊയിലാണ്ടി ഫെസ്റ്റ് നാഗരികം 2017 ആരംഭിച്ചതോടുകൂടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്തും കിഴക്കൻ ഭാഗത്തുകൂടി ഗാതാഗത കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ചുരുക്കി പറഞ്ഞാൽ നിന്ന് തിരിയാൻ സ്ഥലമില്ലാത്ത സ്ഥിതിയിലേക്ക് കൊയിലാണ്ടി മാറി എന്ന് പറയാം.

Leave a Reply

Your email address will not be published. Required fields are marked *