ആരോഗ്യ പ്രവര്‍ത്തകനെന്ന വ്യാജേന വീട്ടിലെത്തിയ ആള് വീട്ടമ്മയെ ആക്രമിച്ച് നാലര പവന് കവര്‍ന്നു
വടകര: ആരോഗ്യ പ്രവര്‍ത്തകനെന്ന വ്യാജേനയെത്തി വീട്ടമ്മയെ ആക്രമിച്ച് സ്വര്‍ണാഭരണം കവര്‍ന്നു. ചോമ്പാല കല്ലാമല ദേവീകൃപയില്‍ സുലഭ (55)യെയാണ് ആക്രമിച്ച് നാലര പവന് കവര്‍ന്നത്. വെള്ളിയാഴ്ച ഉച്ച 12നാണ് സംഭവം. വീട്ടിലെത്തിയ ആള് സുലഭയുടെ ഭര്‍ത്താവ് രവീന്ദ്രനോട് ആരോഗ്യ പ്രവര്‍ത്തകനാണെന്നും ഉടന്‍ വാക്സിനേഷനെടുക്കാനുളള ടോക്കനുവേണ്ടി പഞ്ചായത്തിലെത്തണമെന്നും അറിയിച്ചു. ഇതനുസരിച്ച് രവീന്ദ്രന് പുറത്തേക്കുപോയ സമയത്താണ് സുലഭയുടെ കഴുത്തിലെ ആഭരണം കവരാന്‍ ശ്രമിച്ചത്. മല്പിടിത്തത്തിനിടയില് കൈയിലുള്ള ആയുധം ഉപയോഗിച്ച് മുഖത്തും കഴുത്തിലും ഇടിച്ചു. സുലഭയുടെ നിലവിളികേട്ട് ഓടിയെത്തിയവര്‍ ചോരയില്‍ കുളിച്ചുനില്ക്കുന്ന സുലഭയെയാണ് കണ്ടത്.

മോഷ്ടാവ് ഉടന്‍ ആഭരണവുമായി ഓടി രക്ഷപ്പെട്ടു. സംഭവസമയത്ത് വീട്ടില്‍ വൃദ്ധയായ മാതാവ് മാത്രമാണുണ്ടായിരുന്നത്. ഇൗ സമയം, അപരിചിതരായ രണ്ടുപേര്‍ ഇതുവഴി നടന്നു പോകുന്നത് കണ്ടതായി പറയുന്നു. നാട്ടുകാരും ചോമ്ബാല പൊലീസും ചേര്‍ന്നാണ് സുലഭയെ വടകരയിലെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചോമ്ബാല സി.ഐ. ശിവന് ചോടത്ത്, എസ്.ഐ കെ.വി. ഉമേഷ്, ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ് തുടങ്ങിയവര്‍ സ്ഥലെത്തത്തി അന്വേഷണം ആരംഭിച്ചു.

