KOYILANDY DIARY.COM

The Perfect News Portal

ആവേശം വിതറി ആരോഗ്യമേള

വടകര: “എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം” എന്ന സന്ദേശവുമായി ആരോഗ്യവകുപ്പ്, നാഷണൽ ഹെൽത്ത് മിഷൻ, വടകര ബ്ലോക്ക് പഞ്ചായത്ത് എന്നിവ സംഘടിപ്പിച്ച ആരോഗ്യമേള. പങ്കാളിത്തം കൊണ്ടും വേറിട്ട പരിപാടികൾ കൊണ്ടും ആവേശം വിതറി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആശാ വർക്കർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിതസേന പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, അങ്കണവാടി ജീവനക്കാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ വിവിധ കലാപരിപാടികളായിരുന്നു പ്രധാന ആകർഷണം. ബ്ലോക്ക് പഞ്ചായത്തിന്റെ റീ ബോൺ കേന്ദ്രത്തിലെ വിഭിന്നശേഷിയുള്ള കുട്ടികളുടെ കലാ പരിപാടികളും നടന്നു.

ജീവിതശൈലി രോഗ നിർണയ ക്ലിനിക്ക്, പോഷകാഹാരം, പകർച്ച വ്യാധികളെ അറിയൂ, ആരോഗ്യ നിയമ സഹായങ്ങൾ, പ്രതിരോധ കുത്തിവെപ്പുകൾ, കുടുംബാസൂത്രണ മാർഗങ്ങൾ, പാലിയേറ്റീവ് ക്ലിനിക്ക്, ആയുർവേദ ക്ലിനിക്ക്, ഹോമിയോ ക്ലിനിക്ക്, ദന്തൽ ക്ലിനിക്ക്, ക്ഷയരോഗ നിർണയം, മലമ്പനി നിർണയം, കുടുംബശ്രീ വിപണനമേള, വിഭിന്നശേഷിയുള്ള കുട്ടികൾ നിർമിച്ച ഉത്പന്നങ്ങൾ, ലഹരി വിമുക്തി, ട്രോമാ കെയർ, ഫിസിയോതെറാപ്പി, കൗൺസിലിങ്‌, ഭിന്നശേഷി സൗഹൃദ ക്ലിനിക്ക് തുടങ്ങിയ മേളയുടെ ഭാഗമായിരുന്നു. മേള കെ.കെ. രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി. ഗിരിജ അധ്യക്ഷതവഹിച്ചു. കെ. സീമ പദ്ധതി വിശദീകരണം നടത്തി.

സി.എച്ച്.സിയിൽ പുതുതായി സ്ഥാപിച്ച പബ്ലിക് അഡ്രസിങ്‌ സിസ്റ്റം ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. ആയിഷാ ഉമ്മർ, പി. ശ്രീജിത്ത്, രേവതി പെരുവാണ്ടിയിൽ, എൻ.എം. വിമല, പി.പി. നിഷ, ശശികലാ ദിനേശൻ, കെ.പി. സൗമ്യ, എ.കെ. ഗോപാലൻ, പി.കെ. പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു. സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി ഉദ്ഘാടനം ചെയ്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *