ആനപ്പാറ ക്വാറിയിലെ ഖനനം ജനങ്ങൾക്ക് ഭീഷണിയാകുന്നു
കൊയിലാണ്ടി: കീഴരിയൂർ പഞ്ചായത്തിലെ നടുവത്തൂർ ശിവക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന ക്വാറിയിൽ നിന്നും പാറ പൊട്ടിക്കുന്നത് പ്രദേശവാസികൾക്ക് ഭീഷണിയാവുന്നു. അൻപത് ശതമാനത്തോളം പാറ പൊട്ടിച്ചു കഴിഞ്ഞു. ഇപ്പോൾ ലോഡ് കണക്കിന് മണ്ണ് മാറ്റി മണ്ണിനടിയിലെ പാറപൊട്ടിക്കാൻ തുടങ്ങിയിരിക്കുകയാണ്. പാറ പൊട്ടിക്കലിന്റെ സ്ഫോടനത്തെ തുടർന്ന് സമീപത്തെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുുണ്ട്. വർഷങ്ങളായി ക്വാറിയിൽ ഖനനം തുടങ്ങിയിട്ട്. ഇത് കാരണം ഈ പ്രദേശത്തിന്റെ പാരസ്ഥിതിക സന്തുലിനാവസ്ഥയ്ക്ക് കോട്ടം തട്ടി.
പ്രദേശത്തെ ഒരിക്കലും വറ്റാത്ത കിണറുകൾ കഴിഞ്ഞ വർഷങ്ങളിൽ വേനലിന് മുൻപേ വറ്റി തുടങ്ങി. സന്നദ്ധ സംഘടനകളും, യുവജന സംഘടനകളും ആണ് അന്ന് ഈ പ്രദേശങ്ങിൽ കുടിവെള്ളം വിതരണം ചെയ്തത്. ക്വാറിയ്ക്ക് സമീപം അംഗൻവാടി പ്രവർത്തിക്കുന്നുണ്ട്. യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ പ്രവർത്തിക്കുന്ന ക്വാറിക്കെതിരെ അംഗൻവാടിയിലെ കുട്ടികളുടെ രക്ഷിതാക്കൾക്കും പരാതിയുണ്ട്. നടുവത്തൂർ ശിവക്ഷേത്രം – കുറുമയിൽ താഴെ റോഡ് തകർന്നത് ഈ ക്വാറി കാരണമാണ്.

ക്വാറിയുടെ അനധികൃത ഖനനം നിർത്തണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ആക്ഷൻ കമ്മറ്റി രൂപീകരിച്ചു. രഞ്ജിത്ത് കെ.കെ അദ്ധ്യക്ഷത വഹിച്ചു.പ്രജീഷ്. എൻ.എം, സോജേഷ്. പി.കെ, സുജിത്ത്. കെ.കെ, സുഗേഷ്. പി.എം, ജിതേഷ്. പി.കെ, പ്രജീഷ്. ടി എന്നിവർ സംസാരിച്ചു.

