രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശം വനിതാ കമ്മീഷന് പരിശോധിക്കും

ആലത്തൂര്‍: യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് നടത്തിയ വിവാദ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന് ഇടപെടുന്നു. വിജയരാഘവന്റെ പരാമര്‍ശം വനിതാ കമ്മീഷന് പരിശോധിക്കും. ലോ ഓഫീസര്‍ക്ക് കമ്മിഷന് ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന് പരിശോധനാ നിര്‍ദേശം നല്കി. സംഭവത്തില്‍ വനിതാ കമ്മീഷന്റെ ഇടപെടല്‍ വൈകുന്നതിനെ രമ്യ ഹരിദാസ് ഇന്നലെ വിമര്‍ശിച്ചിരുന്നു.
അതേസമയം, വിജയരാഘവനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തും. പരാതിയുമായി ഇന്നലെയാണ് രമേശ് ചെന്നിത്തല ഡിജിപി ലോക്നാഥ് ബെഹ്റയെ സമീപിച്ചത്. പരാതി ഡിജിപി തൃശൂര്‍ റേഞ്ച് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് കൈമാറി. രമ്യ ഹരിദാസിന്റെ പരാതി അന്വേഷിക്കാന്‍ തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്കറെ മലപ്പുറം എസ്പി പ്രതീഷ് കുമാര്‍ ചുമതലപ്പെടുത്തി. രണ്ടു ദിവസത്തിനകം ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി.

അതിനിടെ എ വിജയരാഘവന്റെ പ്രസംഗം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പരാമര്‍ശം സിപിഐഎം സംസ്ഥാന ഘടകം പരിശോധിക്കുമെന്നും വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടേണ്ട ആവശ്യമില്ലെന്നും യെച്ചൂരി വ്യക്തമാക്കിയിരുന്നു.

