തിരുവങ്ങൂർ പ്രദേശത്തെ ഭീതിയിലാഴ്ത്തി കവർച്ചാ സംഘം
കൊയിലാാണ്ടി: തിരുവങ്ങൂര്‍ പ്രദേശത്തെ ഭീതിയിലാഴ്ത്തി കവര്‍ച്ചാ സംഘം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് നാലംഗ കവര്‍ച്ചാ സംഘം പ്രദേശത്തെ വീടുകളില്‍ കവര്‍ച്ചയ്‌ക്കെത്തിയത്. തിരുവങ്ങൂര്‍ സ്വദേശി പുളളാട്ടില്‍ അഷറഫിൻ്റെ വീട്ടില്‍ നിന്ന് രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മുവ്വായിരം രൂപയും കവര്‍ന്നിട്ടുണ്ട്.
രാവിലെ വീടിൻ്റെ അടുക്കള ഭാഗത്തെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ മോഷണ വിവരം അറിയുന്നത്. മോഷ്ടാക്കളുടെ ചിത്രം വിവിധ വീടുകളില്‍ സ്ഥാപിച്ച സി.സി ടി.വികളില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണെന്ന് കൊയിലാണ്ടി എസ്.ഐ രാജേഷ് പറഞ്ഞു.

തിരുവങ്ങൂര്‍ വില്ലേജ് ഓഫീസിന് സമീപം മുതല്‍ കാപ്പാട് അങ്ങാടി വരെയുളള എട്ടോളം വീടുകളില്‍ മോഷണ ശ്രമം നടന്നിട്ടുണ്ട്. സി.സി ടി.വിയില്‍ പതിഞ്ഞ വീഡിയോ ദൃശ്യങ്ങളില്‍ മൂന്ന് പേരെയാണ് വ്യക്തമായി മനസ്സിലാകുന്നത്. എന്നാല്‍ കൂടുതല്‍ പേര്‍ സംഘത്തില്‍ ഉണ്ടെന്നാണ് പോലീസ് നിഗമനം. വീഡിയോ ദൃശ്യങ്ങള്‍ പോലീസ് വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്.

കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട് ഭാഗത്തെ വിവിധ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും സമാന രൂപ സാദൃശ്യമുളള സംഘം കവര്‍ച്ചക്കെത്തിയിട്ടുണ്ടെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരിടത്ത് മോഷണത്തിന് എത്തുന്ന സംഘം പിന്നീട് അവിടെ തങ്ങാതെ മറ്റ് മേഖലകളില്‍ കവര്‍ച്ച നടത്തുന്നതായാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. മിക്ക വീടുകളുടെയും അടുക്കള ഭാഗത്തു കൂടിയാണ് മോഷ്ട്ടാക്കള്‍ അകത്ത് കടക്കാന്‍ ശ്രമിച്ചത്. പിന്‍ ഭാഗത്തെ ഇരുമ്പ് ഗ്രില്‍ തകര്‍ക്കാന്‍ കഴിയാത്തത് കൊണ്ടാണ് മോഷണശ്രമം പരാജയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

തിരുവങ്ങൂര്‍ ഭാഗത്ത് കഴിഞ്ഞ ഒരു മാസത്തിനുളളില്‍ ഒട്ടെറെ മോഷണങ്ങള്‍ നടന്നതായി പഞ്ചായത്ത് മെമ്പര്‍ വിജയന്‍ കണ്ണഞ്ചേരി പറഞ്ഞു. തിരുവങ്ങൂര്‍ ടൗണിലെ രണ്ട് കടകളില്‍ കഴിഞ്ഞ ആഴ്ച കളളന്‍ കയറിയിരുന്നു. കൂടാതെ ചില ക്ഷേത്രങ്ങളിലെ ഭണ്ഡാരവും കവര്‍ന്നിരുന്നു. പോലീസ് പെട്രോളിംങ്ങ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
