ജനതാദൾ (എസ്) നടത്തിയ വടകര പോസ്റ്റോഫീസ് മാർച്ചിൽ സംഘർഷം: 4 പേർക്ക് പരിക്ക്

വടകര > ജനതാദൾ എസ് നടത്തിയ പോസ്റ്റോഫീസ് മാർച്ചിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ ഉൾപ്പെടെ 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനതാദൾ എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ, മണ്ഡലം പ്രസിഡണ്ട് ടി.എൻ.കെ. ശശീന്ദ്രൻ, സി. കെ. ശശി, റഷീദ് മുയിപ്പോത്ത് എന്നിവരെയാണ് പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മാർച്ചിനിടെ പോലീസ് വലയം ഭേദിച്ച് പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതിനിടയിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ മാർച്ച് ടി.എൻ.കെ. ശശീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു.

