ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കൊച്ചി: ചേരാനല്ലൂരില്‍ ഭാര്യയെ വെട്ടി പരിക്കേല്‍പിച്ച ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ഇടപ്പള്ളി അമൃത ആശുപത്രിയില്‍ നഴ്‌സായ സന്ധ്യയെയാണ് ഭര്‍ത്താവ് മനോജ് ക്വാര്‍ട്ടേഴ്‌സില്‍ കയറി ആക്രമിച്ചത്. മനോജിന്റെ ആക്രമണത്തില്‍ സന്ധ്യയുടെ അമ്മ ശാരദയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരും അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. വെട്ടേറ്റ് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ സന്ധ്യ റോഡില്‍ വന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ 7.45 ഓടെയാണ് സംഭവം. കുട്ടിയെ സ്‌കൂളില്‍ വിടാനായി പോയി തിരികെ വരികയായിരുന്ന സന്ധ്യയെ മനോജ് പതിയിരുന്ന് വെട്ടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൈക്കും മുഖത്തും വെട്ടേറ്റ സന്ധ്യ റോഡിലേക്ക് ഓടി കുഴഞ്ഞുവീഴുകയായിരുന്നു. ഇതിനിടെ മനോജ് സന്ധ്യയുടെ അമ്മയെയും ആക്രമിച്ചിരുന്നു. ഉടന്‍തന്നെ സമീപവാസികള്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ആക്രമണത്തിന് ശേഷം മനോജ് ക്വാര്‍ട്ടേഴ്‌സില്‍ വെച്ചുതന്നെ ആത്മഹത്യ ചെയ്യുകയായിരുന്നു.

കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് ഏറെ നാളായി അകന്നു കഴിയുകയായിരുന്നു സന്ധ്യയും മനോജും. 13 വര്‍ഷം മുമ്ബായിരുന്നു ഇവരുടെ വിവാഹം. എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടുണ്ട്. കുടുംബ പ്രശ്‌നം തന്നെയാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.




