KOYILANDY DIARY

The Perfect News Portal

പിൻവാതിൽ നിയമനം:  കൊയിലാണ്ടി കോൺഗ്രസ്സിൽ പൊട്ടിത്തെറി

കൊയിലാണ്ടി: സർവ്വീസ് കോ-ഓപ്പ് ബാങ്കിൽ കോഴവാങ്ങി പിൻവാതിൽ നിയമനം നടത്തുന്നുവെന്നാരോപിച്ച് കെ.പി.സി.സി. മുൻ എക്സി അംഗവും മലബാർ ദേവസ്വം അംഗവുമായിരുന്ന വി. ടി. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ  മറ്റൊരു കെ.പി.സി.സി.അംഗവും നഗരസഭാ കൌൺസിലറുമായ യു. രാജീവൻ മാസ്റ്റർ പ്രസിഡണ്ടായ കൊയിലാണ്ടി കോ-ഓപ്പറേറ്റീവ് ബാങ്കിലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രതിഷേധം. ഇതോടെ കൊയിലാണ്ടി കോൺഗ്രസ്സിൽ പൊട്ടിത്തെറി ഉടലെടുത്തു. ലക്ഷങ്ങൾ കോഴവാങ്ങിയാണ് സ്വന്തക്കാർക്ക് വേണ്ടി നിയമനം നടത്തുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 

പ്രതിഷേധം കനത്തതോടെ പരീക്ഷ തടസ്സപ്പെടുന്ന നിലയുണ്ടായി ബാങ്കിൻ്റെ പ്രവർത്തനവും ഭാഗികമായി തടസ്സപ്പെട്ടു . തുടർന്ന് സമരക്കാർ കൊയിലാണ്ടി അസി. റജിസ്റ്റാർക്ക് പരാതി നൽകുകയും ചെയ്തു. നിയമനവും പരീക്ഷയുമായി ബന്ധപ്പെട്ട കാര്യം അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും റജിസ്ട്രാർ ഇവർക്ക് ഉറപ്പ് നൽകുകയും ചെയ്തു. ലക്ഷങ്ങൾ കോഴവാങ്ങിയാണ് സ്വന്തക്കാരെ തിരുകി കയറ്റാൻ വേണ്ടി നടത്തുന്ന പ്രഹസനമായ പരീക്ഷയാണ് നടക്കുന്നത് ഇവർ ആവർത്തിച്ച് വ്യക്തമാക്കി. പരീക്ഷ നടത്തുന്നതിന് മുമ്പ് തന്നെ പരീക്ഷ പേപ്പർ വേണ്ടപ്പെട്ടവരുടെ കൈയ്യിലെത്തിയെന്ന് പരീക്ഷ പേപ്പർ ഉയർത്തിക്കാട്ടി പ്രതിഷേധക്കാർ പറഞ്ഞു.

സമരത്തിൽ പങ്കെടുത്തവരിൽ എല്ലാവരും കോൺഗ്രസ്സിൻ്റെയും, യൂത്ത് കോൺഗ്രസ്സിൻ്റെയും സംസ്ഥാന, ജില്ലാ, ബ്ലോക്ക്, നേതാക്കളും പ്രവർത്തകരുമാണ് എന്നതാണ് പൊട്ടിത്തെറി രൂക്ഷമാക്കുന്നത്.  വ്യാഴാഴ്ച  ഉച്ചക്കാണ് ബാങ്കിലെ ഒഴിവുള്ള നാലോളം തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി പരീക്ഷ ആരംഭിച്ചത്. അതിനിടയിലാണ് നേതാക്കളുടെയും പ്രവർത്തകരുടെയും ശക്തമായ പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച അടിയന്തര ബോർഡ് യോഗം വിളിക്കാൻ ഭരണ സമിതി തീരുമാനിച്ചു. സംസ്ഥാന നേതാക്കൾ പങ്കെടുത്ത്കൊണ്ട് കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റിയും വിളിച്ചുചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.  

Advertisements

പിൻവാതിൽ നിയമനം നടക്കുന്നതറിഞ്ഞ് കെ.പി.സി.സി.ക്കും, ജില്ലാ കമ്മിറ്റിക്കും പ്രവർത്തകർ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. എന്നാൽ പരാതി പരിശോധിക്കാൻ തായ്യാറാകാത്ത സാഹചര്യത്തിലാണ് നേതാക്കൾ പരീക്ഷ തടസ്സപ്പെടുത്തിക്കൊണ്ട് സരത്തിനിറങ്ങിയത്. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയിൽ പരാതി പറഞ്ഞപ്പോൾ അതിനെപ്പറ്റി ഒന്നും അറിയില്ലെന്നാണ് നാതാക്കളിൽനിന്ന് മറുപടി കിട്ടിയതെന്ന് ഇവർ പറഞ്ഞു.

 മുൻ കെ.പി.സി.സി. എക്സി. അംഗത്തിന് പുറമെ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ , മുള്ളമ്പത്ത് രാഘവൻ, നോർത്ത് മണ്ഡലം വൈസ്പ്രസിഡണ്ട് പി.കെ. പുരുഷോത്തമൻ, നിയോജക മണ്ഡലം പ്രസിഡണ്ട് ഷെഫീഖ് വടക്കയിൽ, വൈസ് പ്രസിഡണ്ട് എം. കെ. സായിഷ്, ഷെഫീർ വെങ്ങളം, മണ്ഡലം സെക്രട്ടറി തൻഹീർ കൊല്ലം എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *